കോഴിക്കോട്: ആനക്കാം പൊയിൽ മുത്തപ്പൻ പുഴക്കടുത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 30 അടി താഴ്ചയിൽ വീണ കാട്ടാനയെ അഗ്നിസമന സേനയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കഠിന ശ്രമം കൊണ്ട് പുറത്തെത്തിച്ചത്.
എന്നാൽ പുറത്തെത്തിയ ശേഷം ആന ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തി. അഫ്ക ലൈറ്റ് തകർത്തു. പിന്നീട് പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചത്. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ എം. രാജീവൻ, വൈൽഡ് ലൈഫ് ഉദ്യോഗസ്ഥൻ ധനേഷ് കുമാർ, റസ്‌ക്യു ടീം ഉൾപ്പെടെയുള്ളവരാണ് ആനയെ പുറത്തെടുക്കാനായി പരിശ്രമിച്ചത്. മൂന്ന് ദിവസമായി ആന കിണറ്റില്‍ അകപ്പെട്ടിട്ട്. ഇന്ന് പുലർച്ചെയാണ് വനം വകുപ്പിന് ഇതേ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.