കോഴിക്കോട്: അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്‍റേത് കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാരും ബന്ധുക്കളും. കൊലക്ക് പിന്നില്‍ ഹാരിസിന്‍റെ സുഹൃത്തും ബിസിനസ് പാർട്‌ണറുമായ ഷൈബിൻ അഷ്റഫാണെന്നും ഹാരിസിന്റെ ഉമ്മ ആരോപിച്ചു. ഒറ്റമൂലി വൈദ്യനായ ഷാബാ ഷെരീഫിനെ നിലമ്പൂരില്‍ വന്ന് കൊന്ന് വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കിയ കേസിലെ പ്രതിയായ ഷൈബിൻ അഷ്റഫിനെതിരെയാണ് പുതിയ ആരോപണം.
ഹാരിസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. 2020ല്‍ അബുദാബിയിലാണ് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും സുഹൃത്തായ സ്ത്രീയേയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക സംഘർഷത്താൽ ഹാരിസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അന്ന് കരുതിയത്.
എന്നാല്‍ ഷൈബിന്‍ അഷ്റഫിനെതിരെ പുതിയ ആരോപണങ്ങള്‍ വന്ന് തുടങ്ങിയതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു. കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയായിരുന്നു ഷൈബിന്‍ വൈദ്യനായ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയത്. അതിനാല്‍ തന്നെ ഹാരിസിനെയും ഇത്തരത്തിലാകും ഷെരിഫ് കൊല ചെയ്തതെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു.
ഹാരിസിനെ വകവരുത്താൻ ഷൈബിൻ നേരത്തെ പദ്ധതിയിട്ടിരുന്നതായി കുടുംബം പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഹാരിസിനെ അപകീർത്തിപ്പെടുത്താൻ ഷൈബിൻ നേരത്തെയും ശ്രമിച്ചിരുന്നു. കൂടാതെ ഹാരിസിന്‍റെ ഭാര്യയും ഷൈബിന്‍ അഷറഫും തമ്മിലുള്ള ബന്ധം ഇയാള്‍ എതിര്‍ത്തിരുന്നു. ഇതിന്‍റെ പേരില്‍ തനിക്കെതിരെ ഇരുവരും ചേര്‍ന്ന് കൊലപാതക ഭീഷണി മുഴക്കിയിരുന്നതായി ഹാരിസ് ഉമ്മയോട് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഹാരിസും ഷൈബിനും ചേര്‍ന്ന് ദുബൈയില്‍ ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു. ഹാരിസിന്‍റെ മരണ ശേഷം ഈ ഹോട്ടലിന്‍റെ വരുമാനമോ മറ്റ് കാര്യങ്ങളോ കുടുംബത്തിന് നല്‍കന്‍ ഷൈബിന്‍ തയ്യാറായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ അന്വേഷിച്ചാല്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ച് ഭീഷണിപ്പെടുത്തുമെന്നും ഇത് പേടിച്ചാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും മാതാവ് പ്രതികരിച്ചു. കേസില്‍ നേരത്തെ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നെങ്കിലും എന്നാൽ അന്ന് വേണ്ടത്ര തെളിവുകളും സാക്ഷികളും ഇല്ലാത്തതുകൊണ്ട് കേസ് എങ്ങുമെത്തിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
മരണത്തിൽ അന്വേഷണം വേണമെന്നും ഹാരിസിന്‍റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടു പോകുകയാണെന്നും മകന്‍റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്നുമാണ് ഹാരിസിന്‍റെ ഉമ്മ പറയുന്നത്. ഏത് തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഒറ്റമൂലി രഹസ്യം കണ്ടെത്താനായി കൊടിയ പീഡനം: ഒടുവില്‍ അരും കൊല