കോഴിക്കോട് : ട്രാഫിക് ബ്ലോക്ക് ചെയ്‌ത കാർ മാറ്റുന്നതിന് പിന്നിൽ നിന്ന് ഹോണടിച്ച യുവ ഡോക്‌ടര്‍ക്ക് മർദനം. ഗുരുതരമായി പരിക്കേറ്റ ഡോക്‌ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടറെ ക്രൂരമായി മർദിച്ച പേരാമ്പ്ര പൈതോത്ത് സ്വദേശി ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
വെള്ളിയാഴ്‌ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് ഡോക്‌ടർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്‌ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജങ്‌ഷനിൽ നിന്ന് ഇടത്തോട്ടാണ് പോകേണ്ടിയിരുന്നത്.
ഫ്രീ ടേണുള്ള ഇവിടെ മുന്നിൽ തടസം സൃഷ്‌ടിച്ച കാർ മാറിക്കിട്ടാനാണ് ഡോക്‌ടർ ഹോൺ അടിച്ചത്. ഇതോടെ മുന്നിലെ കാറിൽ നിന്നിറങ്ങിയ യുവാവ് ഡോക്‌ടറുമായി വഴക്കിട്ടു. അതിനിടെ ഡോക്‌ടർ ഇയാളുടെ കാർ ഓവർടേക്ക് ചെയ്‌ത് ഓടിച്ചുപോയി. എന്നാൽ പിന്തുടർന്നെത്തിയ യുവാവ് പി ടി ഉഷ റോഡ് ജങ്‌ഷനിൽ വച്ച് ഡോക്‌ടറുടെ കാറിന് മുന്നിൽ കാർ നിർത്തി ഇറങ്ങിച്ചെന്ന് മർദിക്കുകയുമായിരുന്നു.
ഗ്ലാസ് താഴ്ത്തിയപ്പോൾ ഡോക്‌ടറുടെ മുഖത്തിടിച്ച പ്രതി കാറിൽ നിന്നു വലിച്ച് പുറത്തിട്ടും ആക്രമിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്‌ടറെ സമീപത്തെ ഫ്ലാറ്റിലേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റിയത്. സംഭവത്തില്‍ ഡോക്‌ടറുടെ പ്ലാറ്റിനം ചെയിനും നഷ്‌ടപ്പെട്ടതായാണ് വിവരം. നാട്ടുകാർ തടഞ്ഞെങ്കിലും ബഹളത്തിനിടയിൽ ജിദാത്ത് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവർ നൽകിയ വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഡോക്‌ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
Also Read : വനിത ഡോക്‌ടറെ ശല്യം ചെയ്‌തത് ചോദിക്കാനെത്തി; എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം ഏറ്റിരുന്നു. ആശുപത്രിയിലെ വനിത ഡോക്‌ടറെ ശല്യം ചെയ്‌ത യുവാക്കളെ ചോദ്യം ചെയ്‌തപ്പോഴാണ് ഡോക്‌ടര്‍ മര്‍ദനത്തിന് ഇരയായത്. ഡോക്‌ടര്‍ മുഹമ്മദ് ഹനീഷിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കള്‍ പൊലീസ് പിടികൂടുകയുണ്ടായി. പനയപ്പിള്ളി സ്വദേശി റോഷൻ, മൂലംകുഴി സ്വദേശി ജോസ് നീൽ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവർക്കുമെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിരുന്നു.
ജൂലൈ 1ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ചികിത്സക്കെത്തിയ രണ്ട് യുവാക്കളും ആശുപത്രി വരാന്തയില്‍ ഇരിക്കുകയായിരുന്ന വനിത ഡോക്‌ടറെ ശല്യപ്പെടുത്തി. ഇതോടെ കൂടെയുണ്ടായിരുന്ന ഡോ. മുഹമ്മദ് ഹനീഷ് യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്‌തതില്‍ രോഷാകുലരായ യുവാക്കള്‍ ഡോക്‌ടറെ മര്‍ദിച്ചു.
മര്‍ദനത്തെ തുടര്‍ന്ന് ഡോക്‌ടര്‍ നിലത്ത് വീണു. സംഭവത്തിന് പിന്നാലെ യുവാക്കള്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ നിന്നും ശേഖരിച്ചാണ് പൊലീസിന് യുവാക്കളെ പിടികൂടിയത്.