കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഉയർത്തരുത് എന്ന നിലപാടാണ് എസ്എഫ്ഐയ്ക്കുള്ളതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ ഫീസ് നിർണയ സമിതി 6.32 ലക്ഷം മുതൽ 7.65 വരെ താത്കാലിക ഫീസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനെക്കാൾ ഉയർന്ന തുക കോടതിയോ, കോടതി ചുമതലപ്പെടുത്തുന്ന ഏജൻസിയോ ഫീസായി നിശ്ചയിച്ചാൽ അത് നൽകാൻ വിദ്യാർഥികൾ ബാധ്യസ്ഥരായിരിക്കുമെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള കമ്മിഷണറുടെ ഉത്തരവ് പ്രതിഷേധാർഹമാണ്.
ഫീസ് വർധനയിൽ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിലാണ്. അന്യായ ഫീസ് വർധനവിലൂടെ വിദ്യാർഥികളെ കൊള്ളയടിക്കാനുള്ള മാനേജ്മെന്‍റ് തീരുമാനത്തോടും അതിന് കൂട്ട് നിക്കുന്ന ഹൈക്കോടതി ഉത്തരവിനോടും വിയോജിപ്പും പ്രതിഷേധവുമാണ് എസ്എഫ്ഐയ്ക്ക് ഉള്ളത്. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും സച്ചിൻ ദേവ് പറഞ്ഞു.