കോഴിക്കോട് : ദീപാവലിക്ക് മൂന്ന് ദിവസം മാത്രം ശേഷിക്കെ ആഘോഷ മധുരം കൂട്ടാൻ കോഴിക്കോട് മിഠായി തെരുവ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ മധുര പലഹാരങ്ങളുടെ വിൽപ്പന ഇന്നുമുതൽ ആരംഭിച്ചു.
ഇത്തവണ ബംഗാളി മിഠായികളാണ് വിപണിയിലെ താരമാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 400 രൂപ മുതൽ 1000 രൂപ വരെയാണ് ബംഗാളി മധുര പലഹാരങ്ങളുടെ വിപണി വില. മധുരത്തിൽ തന്നെ വൈവിധ്യങ്ങളുണ്ടെന്നതാണ് ബംഗാളി ഉത്പന്നങ്ങളുടെ സവിശേഷതയെന്ന് വാങ്ങാനെത്തിയവരും പറയുന്നു.
ALSO READ: തലശ്ശേരിയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധന
ഇതിനുപുറമെ പരമ്പരാഗത മധുര പലഹാരങ്ങൾക്കും ഉത്തരേന്ത്യൻ ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാർ ഏറെയാണ്. സോനപാപ്പട്, ജാഗിരി ജിലേബി, മൈസൂർ പാക്ക്, പേഡ, മോത്തി പാക്ക് എന്നിങ്ങനെ നീളുന്നു വിവിധ മധുര പലഹാരങ്ങളുടെ പേരുകൾ. നാളെയോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
കഴിഞ്ഞവർഷം കൊവിഡ് വ്യാപനത്തെ തുടർന്ന് ദീപാവലി വിപണി പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു. ഈ വർഷം അത് പരിഹരിക്കുംവിധമുള്ള കച്ചവടം നടക്കുമെന്ന ശുഭ പ്രതീഷയിലാണ് മിഠായിതെരുവിലെ വ്യാപാരി സമൂഹം.