കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുറുവങ്ങാട് സ്വദേശി സഞ്ജയൻ എന്ന സഞ്ജയിനെയാണ് സി.ഐ വി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂൺ രണ്ടിന് പുലർച്ചെയാണ് സംഭവം നടന്നത്. കരിമ്പത്തെ സബ് പോസ്റ്റ് ഓഫീസിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്നാണ് പ്രതി കവർച്ചയ്ക്ക് ശ്രമിച്ചത്. പണപ്പെട്ടി തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രതിയ്ക്ക് ക്യാഷ് ചെസ്റ്റ് തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇരുപത് ലക്ഷം രൂപ നഷ്ടപ്പെടുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഉപേക്ഷിച്ച പണിയായുധത്തില്‍ പതിഞ്ഞ വിരലടയാളം കേസില്‍ നിർണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്. 2005 ൽ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കളവ് കേസിൽ റിമാൻഡിലായിരുന്ന പ്രതിയുടെ വിരലടയാളവുമായി ഒത്തുനോക്കിയതിനെ തുടര്‍ന്നാണ് പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് വ്യക്തമായത്.
സഞ്ജയ് വിവിധ സ്ഥലങ്ങളിലായി മാറി താമസിച്ചു വരികയായിരുന്നു. ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കണ്ണൂർ ടൗണിലുണ്ടെന്ന് വിവരം ലഭിച്ചത്. കണ്ണൂർ ടൗണിലെ ലോഡ്ജ് മുറിയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. എസ്.ഐ മനോജ്‌കുമാർ, സി.പി.ഒ ഷാജിമോൻ, കണ്ണൂർ ടൗൺ എസ്.ഐ സജീവൻ മയ്യിൽ, സി.പി.ഒ അജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ALSO READ: ക്രൂരമര്‍ദനമേറ്റ ഒരുവയസുകാരിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി