കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പൊലീസ് മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ പ്രതികളെയൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച പരാതികള്‍ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശൃങ്ങളുടെ ശാസ്‌ത്രീയ പരിശോധന നിലവില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസിന്‍റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് വയനാട് കല്‍പ്പറ്റ സ്വദേശിയായ വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ വച്ച് ഏതാനും പേര്‍ മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
ആശുപത്രിയില്‍ വച്ച് വിശ്വനാഥനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശൃങ്ങളില്‍ കണ്ടെത്തിയ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം വിശ്വനാഥന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.