കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലം ചത്തടിഞ്ഞു. വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത് (Dead Whale At Kozhikode Beach). ഏകദേശം 32 അടി വലിപ്പമുള്ള തിമിംഗലത്തിന്‍റെ ജഡമാണിത്. ചൊവ്വാഴ്‌ച രാത്രി വൈകി മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞത് കണ്ടത്.
സംഭവമറിഞ്ഞ് നിരവധി പേരാണ് തിമിംഗല ജഡം കാണാൻ കടപ്പുറത്തേക്ക് എത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ജഡം മാറ്റും. സെൻട്രൽ മറൈൻ ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ് അധികൃതർ പരിശോധന നടത്തും. ചത്ത് കരയ്‌ക്കടിയാനുള്ള കാരണം ശാസ്‌ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തമാകുകയുള്ളൂ. കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷ വിഭാഗമായിരിക്കും തിമിംഗലത്തെ മറവ് ചെയ്യുക.
ഇക്കഴിഞ്ഞ സെപ്‌തംബര്‍ 30 ന് കോഴിക്കോട് ബിച്ചിൽ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞിരുന്നു. 47അടി നീളമുള്ള നീല തിമിംഗലത്തിൻ്റെ ജഡമാണ് അന്ന് കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ഓഗസ്‌റ്റ് 18 ന് തൃശൂർ പെരിഞ്ഞനം സമിതി ബീച്ചിലും (Perinjanam Beach) തിമിംഗലത്തിൻ്റെ ജഡം (Dead whale) കരയ്‌ക്കടിഞ്ഞിരുന്നു. കടൽക്ഷോഭമാണ് ഈ തിമിംഗലങ്ങള്‍ ചാവാൻ കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്.