കോഴിക്കോട് : ഏകീകൃത സിവില്‍ കോഡിനെതിരായ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഎം പങ്കെടുക്കും. പാർട്ടി പ്രതിനിധിയായി കെ ടി കുഞ്ഞിക്കണ്ണന്‍ ആണ് സെമിനാറിന്‍റെ ഭാഗമാവുക. കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്‌ടര്‍ കൂടിയാണ് കെടി കുഞ്ഞിക്കണ്ണന്‍.
ഈ മാസം 26നാണ് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാര്‍. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരായ സെമിനാറുകളോട് തുറന്ന സമീപനമാണ് സിപിഎമ്മിൻ്റേത് എന്നാണ് ജില്ല സെക്രട്ടറിയുടെ വിശദീകരണം. മുസ്‌ലിം ലീഗ് സെമിനാർ സംഘടിപ്പിച്ചാലും പങ്കെടുക്കുമെന്ന നിലപാടാണ് സിപിഎമ്മിൻ്റേത്.
സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് ക്ഷണിച്ചിട്ടും മുസ്‌ലിം ലീഗ് പങ്കെടുത്തിരുന്നില്ല. അതേ സമയം മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ ജമാഅത്തെ ഇസ്ലാമിക്കൊപ്പം സിപിഎം വേദി പങ്കിടുന്നത് വിവാദത്തിന് വഴിതുറന്നേക്കും.
ജൂലൈ 15ന് യൂണിഫോം സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്‍ററില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്. ഏക സിവിൽ കോഡിൽ സിപിഎമ്മിന്‍റെ ദേശീയതലത്തിലുള്ള പ്രതിഷേധ പരിപാടികളുടെ തുടക്കം കൂടിയായിരുന്നു അന്ന് കോഴിക്കോട് നടന്നത്.
ഏക സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പൗരത്വ വിഷയത്തിന് സമാനമായ രീതിയിൽ സിപിഎം സെമിനാറുകൾ നടത്താൻ തീരുമാനിച്ചത്. വിവിധ ന്യൂനപക്ഷ സാമുദായിക വിഭാഗങ്ങളെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിലൂടെ സിപിഎം ഏക സിവിൽ കോഡിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം തുടക്കം മുതൽ ഉയർത്തിയിരുന്നു.
ലീഗിനെയും സമസ്‌തയേയും സിപിഎം സെമിനാറിന് പങ്കെടുക്കുന്നതിനായി ക്ഷണിച്ചെങ്കിലും കോൺഗ്രസിനെ തുടക്കം മുതലേ പരിഗണിച്ചിരുന്നില്ല. ലീഗ് ക്ഷണം നിരസിച്ചപ്പോൾ സമസ്‌ത സെമിനാറിൽ പങ്കെടുക്കുന്നതിൽ സമ്മതം നൽകുകയായിരുന്നു. മുസ്‌ലിം ലീഗിനെ സെമിനാറിൽ ക്ഷണിച്ച് യുഡിഎഫിൽ അസ്വാരസ്യം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും സിപിഎമ്മിനുണ്ടായിരുന്നു എന്ന ആരോപണവും ഉയരുകയുണ്ടായി.
എന്നാൽ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഇത് മറികടക്കാൻ യുഡിഎഫിനായി. മുസ്‌ലിം ലീഗിനെ സെമിനാറിൽ ക്ഷണിച്ചത് ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ തന്നെ മുസ്‌ലിം ലീഗിനെ ക്ഷണിച്ച നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Also Read: UCC | യുസിസിക്കെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍റെ പ്രമേയം: അനുമതി നിഷേധിച്ച് ഹൈക്കോടതി
അതേസമയം, ഏക സിവിൽകോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട് നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. യൂണിഫോം സിവില്‍ നിയമത്തെ അനുകൂലിക്കുന്നവരുടെ ശബ്‌ദം കേള്‍പ്പിക്കാനുള്ള സാഹചര്യം സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ലെന്നും സംവാദം എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു സിപിഎം ശ്രമിച്ചതെന്നും അതൊരു പാര്‍ട്ടി സമ്മേളനം മാത്രമായിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.