കോഴിക്കോട് : കോടഞ്ചേരി മിശ്രവിവാഹ വിവാദത്തിൽ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസിന് പരസ്യ ശാസന. പരസ്യ പ്രസ്‌താവന നടത്തുമ്പോൾ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് ജില്ല സെക്രട്ടറി പി.മോഹനൻ പറഞ്ഞു.
ജോർജിൻ്റെ പ്രസ്‌താവന പാർട്ടി നയത്തിന് എതിരാണെന്നും സിപിഎം അംഗീകരിക്കാത്ത നിലപാടാണ് മുൻ എംഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജില്ല സെക്രട്ടറി കൂട്ടിച്ചേർത്തു. ജില്ല സെക്രട്ടറിയേറ്റിൻ്റെ തീരുമാനം ജില്ല കമ്മിറ്റിയും അംഗീകരിച്ചു.
'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടി രേഖകളിലുണ്ടെന്നുമായിരുന്നു ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശം.
READ MORE:'ലൗ ജിഹാദ്' പരാമര്‍ശം ; ജോര്‍ജ് എം തോമസിനെതിരേ പാര്‍ട്ടി നടപടിക്ക് സാധ്യത
'അങ്ങനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ. പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഓടിപ്പോവുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരും' - ജോർജ് എം തോമസ് പറഞ്ഞു.
മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഷെജിനും ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹത്തിലായിരുന്നു ജോർജ് എം തോമസിന്‍റെ വിവാദ പരാമർശം. വൻ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ജോയ്‌സ്‌നയെ ഭർത്താവിനോടൊപ്പം പോകാന്‍ അനുവദിച്ച്, പെണ്‍കുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വിദേശത്ത് ജോലിചെയ്‌തിട്ടുള്ള, 26 വയസുകാരിയായ ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വത ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.