കോഴിക്കോട്: കലോത്സവ സ്വാഗത ഗാനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാര വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി. സംഭവം വിമർശനത്തിനിടയാക്കിയത് ഗൗരവത്തോടെ കാണുന്നുവെന്ന് പാർട്ടി സെക്രട്ടേറിയറ്റ് അറിയിച്ചു. ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെ
അവതരിപ്പിച്ചത് യഥാർഥത്തിൽ എൽഡിഎഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി പറഞ്ഞു.
തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്നും സിപിഎം ജില്ല സെക്രട്ടേറിയറ്റ് അവശ്യപ്പെട്ടു.
സ്വാഗതഗാന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. വിവാദം പരിശോധിക്കപ്പെടണമെന്നും ഒരു മത വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലോത്സവത്തിന്‍റെ ജനകീയ പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കുമെന്നും ഗാനം തയ്യാറാക്കിയ വ്യക്തികളുടെ സംഘപരിവാർ ബന്ധം അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.