കോഴിക്കോട്: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അനിൽകുമാറിന്‍റെ പ്രസ്താവനയില്‍ വിവാദം. മുസ്ലീം മത സംഘടന നേതാക്കൾക്കൊപ്പം സിപിഎം സഹയാത്രികൻ കെടി ജലീലും സിപിഎം എംപി എഎം ആരിഫും പ്രസ്താവനക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഗതി പാർട്ടിയുടെ കൈവിട്ടത്.
അഡ്വ. അനിൽകുമാറിന്‍റെ പ്രസ്താവന മുസ്ലീം ലീഗ് ഗൗരവമായി കാണുന്നു എന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി. വിശ്വാസങ്ങളുടെ മുകളിൽ സിപിഎം കടന്നു കയറുകയാണെന്നാണ് പിഎംഎ സലാം ആരോപിച്ചത്. വഖഫും ശബരിമലയും അതിന്‍റെ ഉദാഹരണങ്ങളാണ്. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് ചോദിച്ച സലാം, പുതിയ തലമുറ പോലും തട്ടമിടുന്നുണ്ട്. തട്ടം തലയിൽ കിടന്നാൽ എന്താണ് വിഷയമെന്നും സലാം ചോദിച്ചു. അനിൽകുമാറിന്‍റെ വാക്കുകൾ സിപിഎം അംഗീകരിക്കുന്നുണ്ടോ, പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇതിന് മറുപടി പറയണമെന്നും സലാം ആവശ്യപ്പെട്ടു.
സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്നായിരുന്നു സമസ്ത അംഗം അബ്ദുസമദ് പൂക്കോട്ടൂരിന്‍റെ പ്രതികരണം. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്നും കമ്യൂണിസത്തിന്‍റെ അടിസ്ഥാനം മതനിഷേധമെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പോളിറ്റ് ബ്യൂറോകൾ ഉണ്ടെന്ന് കെ.എം ഷാജിയും ഫേസ്ബുക്കിൽ കുറിച്ചു. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷ്കളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേയെന്നും കെഎം ഷാജി ചോദിക്കുന്നു.
ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നാണ് ജലീല്‍ പറഞ്ഞത്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്നും തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
പുതുപ്പള്ളി നിയമസഭ ഉപ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിയുടെ ചികിത്സ വിഷയം ചർച്ചയാക്കിയതിന് പിന്നില്‍ അഡ്വ അനില്‍കുമാറാണെന്ന ആരോപണം നേരത്തെ നിലനിന്നിരുന്നു.