കോഴിക്കോട്: ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോകാനെത്തിയ രണ്ട് പേരെ അധികൃതർ മടക്കി അയച്ചു. സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് യാത്ര പുറപ്പെടാെനത്തിയ രണ്ടു പേരെ മടക്കി അയച്ചത്. ഉംറ തീർഥാടനം കഴിഞ്ഞ് മലപ്പുറത്തെത്തിയ ദ്വീപ് സ്വദേശിയെയും ലക്ഷദ്വീപിൽ ജോലിക്ക് പോകാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെയുമാണ് മടക്കി അയച്ചത്.
എറണാകുളത്ത് ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിക്ക് 102 ഡിഗ്രി പനിയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ എറണാകുളത്തേക്ക് തിരിച്ചയച്ചത്. കരാറുകാരനുമായി ബന്ധപ്പെട്ട് ഇയാളെ നിരീക്ഷിക്കാൻ നിർദേശം നൽകി. രോഗലക്ഷണങ്ങൾ ഉള്ളവരും ഒരു മാസത്തിനിടെ വിദേശ പര്യടനം നടത്തിയവരും ദ്വീപിലേക്ക് വരരുതെന്ന് ലക്ഷദ്വീപ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പോർട്ട് അധികൃതരും അരോഗ്യ വിഭാഗവും ചേർന്നാണ് കഴിഞ്ഞ ദിവസം മുതൽ ബേപ്പൂർ തുറമുഖത്ത് പരിശോധന ആരംഭിച്ചത്.