കോഴിക്കോട്: കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം അവഗണിച്ച് നാദാപുരം വാണിമേലില്‍ ഗൃഹപ്രവേശം ആഘോഷമായി നടത്തിയ ഗൃഹനാഥനെതിരെ കേസെടുത്തു. കിടഞ്ഞോത്ത് മുക്കിലെ രാജന് (55) എതിരെയാണ് വാണിമേല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ടോമി തോമസിന്‍റെ പരാതിയില്‍ വളയം പൊലീസ് കേസെടുത്തത്. അഞ്ഞൂറിലധികം പേര്‍ ചടങ്ങിനെത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ ടോമി തോമസ് പറഞ്ഞു.
വ്യാഴാഴ്‌ച നടന്ന ഗൃഹപ്രവേശ ചടങ്ങില്‍ നിരവധി പേരെ ക്ഷണിച്ച വിവരമറിഞ്ഞ് ആരോഗ്യവകുപ്പും പൊലീസും നേരിട്ടും ഫോണിലൂടെയും രാജന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവയെല്ലാം ലംഘിച്ച് ചടങ്ങ് നടത്തുകയായിരുന്നു. പൊതുജനാരോഗ്യ നിയമം ഐപിസി 269, കേരള പൊലീസ് ആക്‌ട് 118 (ഇ)വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. വാണിമേല്‍ പഞ്ചായത്തില്‍ ഇരുന്നൂറിലധികം പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.