കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗണിന് സമാനമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയിൽ പൂർണം. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാലാണ് സംസ്ഥാനത്ത് വരാന്ത്യത്തിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന കർശന നിർദേശം ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തേത് പോലെ അവശ്യയാത്രകൾക്ക് സത്യ പ്രസ്താവന നിർബന്ധമാണ്.
കൂടുതൽ വായനയ്ക്ക്:കോഴിക്കോട് നഗരത്തില്‍ 'കാലന്‍' ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട് നഗരം ഏറെക്കുറെ നിശ്ചലമായിരുന്നു. കർശന പരിശോധനകളുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസുമുണ്ടായിരുന്നു. ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമാണ് വലിയ വിഭാഗം ആളുകൾ പുറത്തിറങ്ങിയത്. രോഗവ്യാപനം കുറയാൻ നിയന്ത്രണങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾക്കുളള നിർദേശങ്ങളും പൊലീസ് നൽകുന്നുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തി.