കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് വിവാദമായത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കും ഡോക്‌ടറേറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതോടെയെന്ന് സൂചന. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകണമെന്നാണ് സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ജി സുകുമാരന്‍ നായരെയും ഡിലിറ്റിന് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് തര്‍ക്കം ആരംഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അംഗമാണ് ജി സുകുമാരന്‍ നായർക്ക് വേണ്ടി വാദിച്ചത്. ഇതിന് പിന്നാലെ കാന്തപുരവും വെള്ളാപ്പള്ളിയും ബഹുമതി ബിരുദത്തിൽ താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഡിലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ തന്‍റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാണിച്ച് കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചു.
താന്‍ പുരസ്‌കാരങ്ങള്‍ക്ക് പുറകെപോകുന്ന ആളല്ലെന്നായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം. വിദ്യാഭ്യസ രംഗത്ത് നൽകിയ മഹനീയമായ സേവനങ്ങൾ കണക്കിലെടുത്ത്, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്‌ടറേറ്റ് ബഹുമതി നൽകണമെന്ന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇടത് സിൻഡിക്കേറ്റംഗം ഇ അബ്‌ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.
വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗം ഇ അബ്‌ദുറഹീം വിസിയുടെ മുൻകൂർ അനുമതിയോടെ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്.
ഒൻപത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് പേരും ഇടത് ചായ്‌വുള്ളവരാണ്. ഇതിനിടയിലാണ് സുകുമാരൻ നായരുടെ പേരും ഉയർന്ന് വന്നത്. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് വിഷയം വിടുകയായിരുന്നു.
അതേ സമയം മരണാനന്തര ബഹുമതിയായി വീരപ്പനുപോലും ഡീലിറ്റ് നൽകി ഡോ. വീരപ്പൻ എന്ന് വിളിക്കാൻ മടിയില്ലാത്തവരാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിൽ ഉള്ളവരെന്നായിരുന്നു സേവ് യൂണിയൻ കാമ്പയിൻ കമ്മറ്റിയിലെ ആർ എസ് ശശികുമാറിൻ്റെ പരിഹാസം.
Also read: പ്രായമൊരു പ്രശ്നമേയല്ല പഠനത്തിന് ; 84ാം വയസില്‍ ഡി ലിറ്റ് ബിരുദം നേടി അമല്‍ദാരി സിംഗ്