കോഴിക്കോട്: മുഖ്യമന്ത്രിക്ക് എതിരായി വിമാനത്തിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ജില്ലയില്‍ അക്രമ സംഭവങ്ങൾക്ക് അയവില്ല. റൂറൽ പൊലീസ് പരിധിയിലാണ് അക്രമ സംഭവങ്ങൾ കൂടുതലായി നടക്കുന്നത്. കുറ്റ്യാടി അമ്പലത്തുകുളങ്ങരയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറുണ്ടായി.
ബുധനാഴ്‌ച (15/06/22) പുലർച്ചെയാണ് ബോംബെറിഞ്ഞത്. ഓഫിസിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുത്താമ്പിയിൽ കോൺഗ്രസിന്‍റെ സ്‌തൂപം തകർത്തു.
കരി ഓയിൽ ഒഴിച്ച സ്‌തൂപം വൃത്തിയാക്കുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആയുധവുമായി എത്തി പ്രവർത്തകരെ മർദിച്ചതായും കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. ജില്ലയിൽ ഇതിനകം 11 കോണ്‍ഗ്രസ് ഓഫിസുകളും, 8 സ്‌തൂപങ്ങളും തകർക്കപ്പെട്ടതായി നേതാക്കൾ വ്യക്തമാക്കി.
പേരാമ്പ്രയിൽ തമ്മില്‍ തല്ല്: പേരാമ്പ്രയിൽ കോൺഗ്രസ്, സിപിഎം പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. സ്‌ഫോടക വസ്‌തു എറിഞ്ഞ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. പ്രവർത്തകർ തമ്മിൽ തല്ലും കല്ലേറും നടന്നു.
സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചങ്ങരോത്ത് പഞ്ചായത്തിൽ ബുധനാഴ്‌ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.