കോഴിക്കോട്: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് എതിരായി നടത്തിയ പ്രതിഷേധങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. മൂന്നൂറ് പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുൻ വശത്ത് ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചു. ഇത് സംഘർഷത്തിലെത്തിയതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ തുരത്തിയോടിച്ചു.
കോണ്‍ഗ്രസ് പ്രവർത്തകർ റെയിൽവേ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. റെയിൽവേ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പ്ലാറ്റ്‌ഫോമില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘര്‍ത്തില്‍ പരിക്കേറ്റ ഡിസിസി പ്രസിഡന്‍റ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ പൊലീസുകാരും ചികിത്സ തേടി.
രാഹുല്‍ ഗാന്ധിയും 'മോദി' പരാമര്‍ശ കേസും: 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശനത്തിലാണ് നീണ്ട നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിനെടുവില്‍ കോടതി രാഹുല്‍ ഗാന്ധിക്കെതിരെ ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിക്കാന്‍ കാരണമായ കേസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളന്മാരുടെയെല്ലാം പേരിനൊപ്പവും 'മോദി' യെന്നത് എങ്ങനെ വന്നുവെന്ന ചോദ്യത്തിനാണ്.
സമൂഹത്തില്‍ തെരഞ്ഞൊല്‍ നിരവധി മോദിമാരെ ഇനിയും കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പരാമര്‍ശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം മോദി സമുദായത്തിന് അപമാനകരമാണെന്നും സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടികാണിച്ച് സൂറത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി മാനനഷ്‌ടക്കേസ് നല്‍കി.
രാഹുലിന്‍റെ പരാമര്‍ശം വ്യക്തിപരമായി തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കാന്‍ രാഹുല്‍ ഗന്ധി കഴിഞ്ഞ ദിവസം സൂറത്ത് കോടതിയിലെത്തിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച് കോടതി വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. കേസില്‍ മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുകയും ചെയ്‌തു.
രാഹുലിനെ കാത്ത് വഴിനീളെ ജനങ്ങള്‍: മോദി പരാമര്‍ശ കേസില്‍ വാദം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി സൂറത്തില്‍ എത്തിയതോടെ നിരവധി പേരാണ് വഴിയിരികില്‍ കാത്തിരുന്നത്. 'ഷേര്‍ ഇ ഹിന്ദുസ്ഥാന്‍' 'കോണ്‍ഗ്രസ് തലകുനിക്കില്ല' എന്നിങ്ങനെയുള്ള പ്ലാക്കാര്‍ഡുകളേന്തിയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടുന്ന വന്‍ ജനാവലി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മോദ് വാദിയ, ജിപിസിസി അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍, നിയമസഭ കക്ഷി നേതാവ് അമിത് ചാവ്‌ഡ, ഗുജറാത്ത് എഐസിസി നേതാവ് രഘുശര്‍മ എന്നിവരുള്‍പ്പെടുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.