കോഴിക്കോട്: ഇടവത്തില്‍ മഴ ഇടവഴി നീളെ എന്നാണ് പഴമൊഴി... മിഥുനമിങ്ങെത്തിയെങ്കിലും ഇത്തവണ ഇടവഴികളിലൊന്നും കാര്യമായി മഴയെത്തിയില്ല. തിരിമുറിയാതെ പെയ്യേണ്ട ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതിന്‍റെ ദുഃഖത്തിലാണ് കര്‍ഷകര്‍.
കാലവർഷം നേരത്തെ എത്തും.. എത്തി.. തുടങ്ങി... എന്നൊക്കെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജൂൺ പകുതിയായിട്ടും മഴ എത്തിയില്ല. പാടങ്ങളുടേയും പുഴകളുടെയും അവസ്ഥ വേനലിന് സമമാണ്. എങ്കിലും ഇടക്കാലത്ത് ലഭിച്ച 'അപൂർവ്വ മഴ'യുടെ പച്ചപ്പ് അങ്ങിങ്ങ് ബാക്കിയുണ്ട്. അതുകൊണ്ട് കുടിവെള്ള ക്ഷാമം ഇത്തവണ രൂക്ഷമായില്ലെന്നത് മാത്രമാണ് ആശ്വാസം.
ജൂൺ 15 വരെ കേരളത്തിൽ ലഭിച്ചത് 109.7 മില്ലീ മീറ്റർ മഴയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ച ഏറ്റവും കുറഞ്ഞ കണക്ക്. 2018 ൽ ജൂൺ മാസം 343.7 മില്ലി മീറ്റര്‍ മഴയാണ് പെയ്തതെങ്കില്‍ 2019 ൽ ഇത് 175.4ഉം 2020 ൽ 230ഉം 2021 ൽ 161.1മില്ലീ മീറ്റർ മഴയുമായിരുന്നു. കടലിൽ കാർമേഘങ്ങൾ ഉണ്ടെങ്കിലും അതു പെയ്തിറങ്ങാനാവശ്യമായ കാറ്റില്ല എന്നതാണ് മൺസൂണിനെ പിന്നോട്ടടിപ്പിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.
മണിക്കൂറിൽ 40 കി.മീ. വേഗതയിലെങ്കിലും തെക്കുപടിഞ്ഞാറൻ കാറ്റടിച്ചാൽ മാത്രമെ മഴ പെയ്യുകയുള്ളൂ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടാൽ മാത്രമാണ് കാറ്റ് ശക്തി പ്രാപിക്കുന്നത്. ഇത് മാറി നിൽക്കുന്ന സാഹചര്യത്തിലാണ് മൺസൂൺ ശക്തി പ്രാപിക്കാത്തതെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്‌ഞനായ ഡോ. അഭിലാഷ് പറഞ്ഞു.
മൺസൂൺ മഴയിൽ 60 ശതമാനത്തിന്‍റെ കുറവാണ് ഇതുവരെ അനുഭവപ്പട്ടത്. ഈ സ്ഥിതി തുടർന്നാൽ ജൂണിൽ മഴ വളരെയധികം കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെയും ഏജൻസികളുടെയും നിഗമനം. ജൂണിൽ മഴ തീരെ കുറഞ്ഞാൽ കാലവർഷത്തെ ആശ്രയിക്കുന്ന കർഷകരെയാണ് അത് ദോഷകരമായി ബാധിക്കുക. ഞാറ്റുവേലകളിൽ മഴയുടെ തോത് വർധിച്ചില്ലെങ്കിൽ വലിയ കൃഷിനാശത്തിനും അത് കാരണമാകുമെന്നും ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. കള്ളക്കര്‍ക്കടത്തിന് മുമ്പെങ്കിലും കാലവര്‍ഷം കനക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.