കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയവും വിവാദങ്ങളും കേരള ബിജെപി ഘടകത്തിൽ വലിയ അഴിച്ചുപണിക്ക് വഴി തെളിയിക്കുമെന്ന് കരുതിയവർക്ക് തെറ്റി. കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിലനിർത്തി, ഒപ്പമുള്ളവർക്ക് സ്ഥാനക്കയറ്റവും പുതിയ പദവികളും നൽകിയത് കൃഷ്‌ണദാസ് പക്ഷത്തെ ചൊടിപ്പിച്ചു. വിവാദങ്ങളിൽ സുരേന്ദ്രനൊപ്പം നിൽക്കാത്തവരെ തഴഞ്ഞ് പ്രതികാര നടപടിയെടുത്തതും എതിർപക്ഷത്തിന് ക്ഷീണമായി.
അടങ്ങില്ല എതിര്‍പക്ഷം
പറക്കുന്നതിൻ്റെ പിന്നാലെ പോയി പിടിച്ചതും പറന്ന് പോയ അവസ്ഥയിലാണ് സംസ്ഥാന ബിജെപി. ഇതിൻ്റെയെല്ലാം കാരണം കെ. സുരേന്ദ്രനാണെന്ന് ഉറച്ചുവിശ്വസിക്കുന്ന എതിർപക്ഷത്തിന് പക്ഷെ വീണ്ടും നിരാശ തന്നെ. ബാക്കിയുള്ള ഒന്നരക്കൊല്ലം കൂടി സുരേന്ദ്രൻ തന്നെ സംസ്ഥാന അധ്യക്ഷനാകും എന്ന് ഉറപ്പായി. പുനഃസംഘടനയില്‍ കടുത്ത അതൃപ്‌തിയുള്ള കൃഷ്‌ണദാസ് പക്ഷം, പക്ഷെ വെറുതെയിരിക്കാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ചര്‍ച്ച പോലും നടത്താതെയുള്ള പുനഃസംഘടനക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനാണ് നീക്കം.
പരാജയം പഠിക്കാത്ത അന്വേഷണ സമിതി
ഏകപക്ഷീയമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് കൃഷ്ണദാസ് കേന്ദ്രത്തെ ധരിപ്പിക്കും. ഭരണം പിടിക്കുമെന്ന വീരവാദവുമായി നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങി സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിൻ്റെ കാര്യകാരണങ്ങൾ അഞ്ച് മേഖലകളാക്കി തിരിച്ചാണ് ബിജെപി നേതൃത്വം പരിശോധിച്ചത്. അഞ്ച് മേഖലകളിലും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോര്‍ കമ്മിറ്റിക്ക് കൈമാറി എന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്.
എന്നാൽ എല്ലാം ഏകപക്ഷീയമായിരുന്നു എന്നാണ് എതിർചേരി വിശ്വസിക്കുന്നത്. റിപ്പോര്‍ട്ടിൻമേൽ തുടര്‍നടപടികള്‍ നിര്‍ദേശിക്കാന്‍ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഈ സമിതി ഒരു വട്ടം പോലും യോഗം ചേര്‍ന്നില്ല എന്നാണ് കൃഷ്‌ണദാസ് പക്ഷത്തിൻ്റെ ആരോപണം. പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യാതെയാണ് ഇപ്പോള്‍ പുനഃസംഘടന നടപ്പാക്കിയത് എന്നതാണ് ഇവർ ഉന്നയിക്കുന്ന പരാതി.
ALSO READ: എഞ്ചിനീയറിങ്, ഫാർമസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
പരാതിയുള്ളവര്‍ 'പുറത്ത്' തന്നെ
തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള മേഖലതല ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബ്‌ദമുയർത്തിയവരെ പ്രതികാര ബുദ്ധിയോടെ മാറ്റി നിര്‍ത്തിയാണ് നിലവിൽ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് എതിർപക്ഷം പേര് വിവരങ്ങൾ സഹിതം വ്യക്തമാക്കുകയാണ്. തെരഞ്ഞെടുപ്പ് കണക്കുകൾ ആവശ്യപ്പെട്ട ജെ.ആർ പത്മകുമാറിനെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റി. ബത്തേരി കോഴക്കേസിൽ സുരേന്ദ്രനൊപ്പം നില്‍ക്കാത്തതിൻ്റെ പേരില്‍ സജി ശങ്കറിനെ വയനാട് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നീക്കി.
പ്രതീക്ഷ കേന്ദ്രത്തില്‍ മാത്രം
തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരില്‍ പല ജില്ലകളിലും അധ്യക്ഷന്‍മാരെ മാറ്റിയപ്പോള്‍ ഏറ്റവും മോശം പ്രകടനം കാഴ്‌ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കൃഷ്‌ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി കൈമാറുക. പുനഃസംഘടനയ്ക്ക് പിന്നാലെ താഴെത്തട്ടില്‍ ഉടലെടുത്ത കടുത്ത അതൃപ്‌തിയും നിലവിലെ നേതൃത്വത്തിനെതിരെ എതിർപക്ഷം ആയുധമാക്കും. നിലവിലെ സ്ഥിതി തുടർന്നാൽ കേരളത്തിൽ ഒരു കാലത്തും ബിജെപി സ്വപ്‌നങ്ങൾ പൂവണിയില്ല എന്നതാണ് പരാതിയുടെ ഉള്ളടക്കം.