കോഴിക്കോട് : സർവീസിൽ നിന്ന് വിരമിച്ചയാളെ 'ഓടിച്ചുവിട്ട്' സുഹൃത്തുക്കൾ. കൊച്ചിയിൽ നിന്ന് കോഴിക്കോടേക്ക് 166 കിലോമീറ്റർ ഓടി വീട്ടിൽ കയറിയത് കൊച്ചി കപ്പൽശാലയിൽ നിന്ന് വിരമിച്ച പി.നളിനാക്ഷന്‍. റിട്ടയര്‍മെന്‍റ് വെറൈറ്റിയാക്കുകയായിരുന്നു ഇദ്ദേഹം.
38 മണിക്കൂർ തുടർച്ചയായി ഓടിയാണ് നളിനാക്ഷനും സംഘവും രാമനാട്ടുകര തിരിച്ചിലങ്ങാടിയിലെ വീട്ടിൽ എത്തിയത്.സ്വീകരിക്കാൻ കുടുംബാംഗങ്ങളും റസിഡൻസ് അസോസിയേഷനും കാത്തിരിപ്പുണ്ടായിരുന്നു. കൊച്ചി കപ്പൽശാലയിൽ ഷിപ്പ് ബിൽഡിങ് വിഭാഗത്തിൽ അസിസ്റ്റന്‍റ് എൻജിനീയർ ആയിരുന്നു നളിനാക്ഷൻ. ജൂൺ 30ന് ജോലിയിൽനിന്ന് വിരമിച്ച നളിനാക്ഷനെ 'ഓടിച്ച്' വീട്ടിലെത്തിക്കാൻ തീരുമാനിച്ചത് 'പനമ്പിള്ളി നഗർ റണ്ണേഴ്‌സ്' ആയിരുന്നു.
20 സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്‌ച പുലർച്ചെ തുടങ്ങിയ ഓട്ടം നിർത്തിയത് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മാത്രം. ചമ്രവട്ടം മുതൽ വീട്ടിൽ എത്തുന്നതുവരെയുള്ള റോഡിലെ വാഹനത്തിരക്ക് ഞായറാഴ്‌ചയിലെ ഓട്ടത്തിന് പ്രയാസം ഉണ്ടാക്കിയതായി നളിനാക്ഷൻ പറഞ്ഞു. 38 വർഷമായി കൊച്ചിയിൽ താമസിക്കുന്ന നളിനാക്ഷനും ഭാര്യ അജയയും പനമ്പിള്ളി നഗർ റണ്ണേഴ്‌സിലെ സ്ഥിരം ഓട്ടക്കാരാണ്.
കൊച്ചിയിൽ ദിവസേന പുലർച്ചെ അഞ്ചുമുതൽ ശരാശരി 10 കിലോമീറ്റർ ദൂരം ഓടുന്ന ഇരുവരും ഞായറാഴ്‌ചകളിൽ 20 കിലോമീറ്റർ വരെ താണ്ടുമായിരുന്നു. ഔദ്യോഗിക ജോലികാലയളവ് പൂര്‍ത്തിയാക്കി നാട്ടിൽ എത്തിയ ദമ്പതികൾ ഭാവിയിലും ഓട്ടം തുടരുമെന്ന് വ്യക്തമാക്കി.