കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ഭരണ- പ്രതിപക്ഷ ഭേദമെന്യേ സംസ്ഥാനത്ത് പ്രക്ഷോഭം നടത്താമെന്ന ആശയത്തെ എതിർക്കുന്നവർ അവർക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിൽ ഒരു പ്രമേയം പോലും അവതരിപ്പിക്കാത്തത് സംശയത്തിനിടയാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എന്തിനാണ് ഒളിച്ചു കളിക്കുന്നതെന്നും രാജ്യത്തെ കോൺഗ്രസ് പാർട്ടിയുടെ ഘടകം തന്നെയല്ലെ കേരളത്തിലുമുള്ളതെന്നും എന്നിട്ടും പൗരത്വ നിയമത്തെ എതിർത്ത് നിയമസഭകളിൽ പ്രമേയം അവതരിപ്പാക്കാൻ എന്തുകൊണ്ടാണ് സാധിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കോൺഗ്രസിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ നടത്തിയ യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ ചില നിലപാടുകൾ സ്വീകരിച്ചപ്പോൾ അത്തരം നിലപാട് സ്വീകരിക്കാൻ സർക്കാരിന് എന്ത് അവകാശമാണുള്ളതെന്ന ചോദ്യം ചിലർ ഉയർത്തി. എന്നാൽ കേരള സർക്കാർ ഭരണഘടനയെയാണ് പരമപ്രധാനമായി കാണുന്നതെന്നും ഭരണഘടന വിരുദ്ധമായ നിയമങ്ങൾക്കെതിരെ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രാജ്യത്ത് നടപ്പാക്കുന്നത് ഒരു വിഭാഗത്തിനെതിരായ നടപടികളാണ്. ഇത് ആർഎസ്എസ് അജണ്ടയാണെന്നും ഇത്തരം നടപടികൾ നേരത്തെ മുതൽ കേന്ദ്രം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് ഇന്നലെ ജെഎൻയു ആക്രമിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.