കോഴിക്കോട്: പ്രളയ ശുചീകരണത്തിന്‍റെ ഭാഗമായി പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഏകദിനയജ്ഞം സംഘടിപ്പിച്ചു. 40 ടണ്‍ മാലിന്യമാണ് പെരുവയലില്‍ നിന്നും നീക്കം ചെയ്‌തത്. ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അജൈവ മാലിന്യങ്ങള്‍ പിന്നീട് റീ സൈക്ലിങ് യൂണിറ്റുകളിലേക്ക് മാറ്റും. ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. വളരെ കുറച്ച് മാലിന്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വയലുകളിലെ വെള്ളം പൂര്‍ണ്ണമായും നീങ്ങിയ ശേഷമേ ഇവ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ചാലിയാറും ചെറുപുഴയും മാമ്പുഴയും കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഇത്തവണ പ്രളയം വലിയ ദുരിതമാണ് പെരുവയലില്‍ വിതച്ചത്. 1709 കുടുംബങ്ങളാണ് മാറി താമസിച്ചത്. ജലത്തിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തോടുകളിലും റോഡരികിലും കുമിഞ്ഞുകൂടിയിരുന്നു. ഇത് ഗുരുതരമായ ആരോഗ്യഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രളയശേഷം യുവജനസംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വീടുകള്‍ ശുചീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്‌തു. പ്രതിരോധ മരുന്നുകളുടെ വിതരണവും പൂര്‍ത്തീകരിച്ചു. മാലിന്യങ്ങളുടെ ഒന്നാംഘട്ട ശേഖരണത്തിന് ശേഷം സൂപ്പര്‍ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. അവശേഷിക്കുന്ന മാലിന്യം കണ്ടെത്തി അടുത്ത ആഴ്ചയോടെ മുഴുവനായും നീക്കം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വൈ വി ശാന്ത, വൈസ് പ്രസിഡന്‍റ് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ ഷറഫുദീന്‍, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, മെമ്പര്‍മാരായ ടി എം ചന്ദ്രശേഖരന്‍, സി ടി സുകുമാരന്‍, മിനിശ്രീകുമാര്‍, സെക്രട്ടറി പി എസ് സിന്ധു, സി ഡി എസ് ചെയര്‍പേഴ്സണ്‍ എ പി റീന, പി സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.