കോഴിക്കോട്: ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിയതോടെ സ്റ്റീല്‍ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും ഉപേക്ഷിച്ച് ജനങ്ങള്‍ മണ്‍പാത്രങ്ങളിലേക്ക് തിരിച്ചുവരുന്നു. വിവിധ തരം കറി ചട്ടികൾ, പൂച്ചട്ടികൾ, കൂജ, പാത്രങ്ങൾ, ഗ്ലാസുകൾ, അലങ്കാരവസ്‌തുക്കൾ, ഫ്ലവർ പോട്ട്, വിഗ്രഹങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ചുങ്കം റോഡിലൂടെ പോകുമ്പോള്‍ മണ്‍പാത്രങ്ങളും മണ്ണുകൊണ്ട് നിര്‍മിച്ച സാധനങ്ങളും നിരത്തിയിരിക്കുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. പാലക്കാട് നിന്നുള്ള പത്ത് കുടുംബങ്ങള്‍ 30 വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തി വരികയാണ്. പാലക്കാട് നിന്ന് കുടിൽ വ്യവസായമായി നിർമിക്കുന്ന ഉത്‌പന്നങ്ങള്‍ വാഹനങ്ങളിൽ എത്തിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്.
ആദ്യകാലങ്ങളില്‍ മണ്‍പാത്രങ്ങളെ അവഗണിച്ചവര്‍ ഇപ്പോള്‍ അതിന്‍റെ നല്ല വശങ്ങള്‍ തിരിച്ചറിഞ്ഞ് തേടി വരുന്നത് ആശ്വാസമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു കുടുബത്തിന് ഒരു ലോഡ് മണ്ണാണ് ജിയോളജി വകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിപണിയില്‍ മണ്‍പാത്രങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പാത്രങ്ങള്‍ നിര്‍മിക്കുന്നതിന് നാല് ലോഡ് അനുവദിക്കണമെന്ന് മണ്‍പാത്ര വ്യവസായികള്‍ പറഞ്ഞു. പാത്രം നിര്‍മിക്കുന്നതിനുള്ള വീലുകളും ചൂളകളും വൈദ്യുതി വല്‍ക്കരിച്ചെങ്കിലും തൊഴിലാളികളെ കിട്ടാത്തതും പുതു തലമുറക്ക് മണ്‍പാത്ര നിര്‍മാണത്തോട് താല്‍പര്യം ഇല്ലാത്തതും മേഖലക്ക് പ്രതിസന്ധിയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കുടില്‍ വ്യവസായം പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ട്രെയ്‌നിങ് സെന്‍റര്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.