കോഴിക്കോട്/ കൊല്ലം : വിദ്യയെ പിടികൂടിയതോടെ സമരക്കളമായി മേപ്പയ്യൂർ. വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു.
ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സിപിഎം കോഴിക്കോട് ജില്ല കമ്മറ്റിയും ഏരിയ കമ്മിറ്റിയും ഒത്താശ ചെയ്‌താണ് വിദ്യയെ ആവളയ്ക്കടുത്ത് കുട്ടോത്ത് താമസിപ്പിച്ചതെന്നും പ്രവീൺ കുമാർ പറഞ്ഞു. അതേസമയം മേപ്പയ്യൂർ പൊലീസിനെ അറിയിക്കാതെയാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.
വിദ്യയുടെ സുഹൃത്തിൻ്റെ ഫോൺ കോളുകളുടെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് കുട്ടോത്ത് എത്തിയത്. അവിടെ നിന്നും രക്ഷപ്പെടാൻ വിദ്യ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് എത്തിയത്. ആദ്യം സുഹൃത്തിനെ കണ്ട് കാര്യം ബോധ്യപ്പെടുത്തിയ ശേഷം വിദ്യയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എന്നാൽ ഒളിവിൽ കഴിഞ്ഞ വീടിൻ്റെയോ സുഹൃത്തിൻ്റെയോ വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഒന്നും അറിയില്ല എന്ന മറുപടിയാണ് മേപ്പയ്യൂർ പൊലീസ് നൽകുന്നത്. അതേസമയം മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ വിദ്യയെ 24 വരെ പൊലീസ് കസ്‌റ്റഡിയിൽ വിടുകയും ജൂലൈ ആറ് വരെ റിമാൻഡ് ചെയ്യുകയും ചെയ്‌തു.
കൊല്ലത്ത് മാർച്ചിൽ സംഘർഷം : കൊല്ലത്ത് യുവമോർച്ച, എ ബി വി പി മാർച്ചിൽ സംഘർഷം. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കമ്മിഷണർ ഓഫിസിലേക്കാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.
പിന്നീട് ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്‌ത് വാഹനത്തിൽ കയറ്റുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എ ബി വി പി മാർച്ച് സംഘടിപ്പിച്ചത്.
also read : Fake certificate case| 'വിദ്യയെ ഒളിപ്പിച്ചതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചന'; സിപിഎമ്മിനെതിരെ കോൺഗ്രസ്
കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലും നേരിയ സംഘർഷമുണ്ടായി. ആശ്രാമം ലിങ്ക് റോഡിൽ നിന്നാരംഭിച്ച മാർച്ച് കലക്‌ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എ ബി വി പി പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.