കോഴിക്കോട്: നഗരത്തിലെ ഗതാഗത കുരുക്ക് നിരീക്ഷിക്കാൻ പുതിയ പരിഷ്ക്കാരവുമായി സിറ്റി ട്രാഫിക് പൊലീസ്. നഗരത്തിൽ എവിടെയും ഏതുസമയവും ഉണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് കണ്ടെത്തി ഉടനടി കുരുക്ക് മാറ്റുന്നതിനായി ട്രാഫിക് പൊലീസിന്‍റെ പുതിയ പരിഷ്‌കാരം.
സിറ്റി പരിധിയിൽ നിലവിലുള്ള 65 സിസിടിവി ക്യാമറകൾക്ക് പുറമെ 100 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചു. ഇതിന്റെ ലിങ്ക് ട്രാഫിക് കണ്‍ട്രോള്‍ റൂമിൽ നിന്നും നിരീക്ഷിക്കാവുന്ന തരത്തിലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടെ ഗതാഗത കുരുക്ക് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ട്രാഫിക് പൊലീസെത്തി ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്ന് ട്രാഫിക് സിഐ വി വി ബെന്നി പറഞ്ഞു. അടുത്ത മാസത്തോടുകൂടി ട്രാഫിക് പൊലീസിന് പുതിയ സംവിധാനത്തിലേക്ക് മാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി ഐ അറിയിച്ചു.