കോഴിക്കോട്: ഓൺലൈൻ ഗെംയിമായ പബ്‌ജിയിൽ എളുപ്പത്തിൽ മുന്നേറി കളിക്കാനായി മക്കൾ ആരുമറിയാതെ ചെലവാക്കിയത് അമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം. ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ഒരു ലക്ഷത്തിലേറെ രൂപ "യുപിഐ" (യുണിഫൈഡ് പെയ്മെന്‍റ് ഇന്‍റർഫെയ്‌സ് ) ഉപയോഗിച്ച് ട്രാൻസഫർ നടത്തിയത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതിനെ കുറിച്ച് ഒരു മാസം മുമ്പാണ് കോഴിക്കോട് കല്ലായി സ്വദേശിയായ വീട്ടമ്മ സൈബർ പൊലീസിൽ പരാതി നൽകിയത്.
ഓൺലൈൻ ക്ലാസിന് വേണ്ടി മാതാപിതാക്കൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിലും ടാബിലുമാണ് കുട്ടികൾ പബ്‌ജി കളിച്ചത്. ഗെയിം കളിക്കുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നെങ്കിലും പണം നഷ്ടമാകുന്നത് അറിഞ്ഞില്ല. യുപിഐ സിസ്റ്റത്തിലൂടെയാണ് മണി ട്രാൻഫർ നടന്നിരിക്കുന്നത്.
ഗെമിയിലെ ആവേശത്തിൽ നഷ്ടമായത് ഒരു ലക്ഷം
പബ്ജി ഗെയിമിന്‍റെ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോഴും സഹകളിക്കാരെ വീഴ്ത്താൻ രണ്ട് മാർഗങ്ങളാണ് പബ്ജിയിലുള്ളത്. ഒന്നുകിൽ ഓരോ ഘട്ടവും വിജയിക്കണം അല്ലെങ്കിൽ പുതിയ മുറികളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കരസ്ഥമാക്കണം. സഹകളിക്കാർ മുന്നേറുമ്പോൾ പണം ചെലവഴിച്ച് ഉപകരണങ്ങൾ കരസ്ഥമാക്കിയതിലൂടെയാണ് ഇവരുടെ പണം നഷ്ടമായത്.
പല തവണകളിലായി നൂറ് രൂപ മുതൽ അയ്യായിരം രൂപ വരെ ഈ കുട്ടികൾ ഉപകരണങ്ങൾ കരസ്ഥമാക്കാനായി നൽകി. യുപിഐ സിസ്റ്റം ആയതുകൊണ്ട് തന്നെ റിക്വസ്റ്റിലൂടെ കമ്പനികൾക്ക് പണം കൈക്കലാക്കാൻ കഴിയും. പബ്ജി ഇന്ത്യയിൽ നിരോധിക്കുന്നതിന് തൊട്ട് മുമ്പ് വരെ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അന്വേഷണം വീട്ടിൽ തന്നെ ചെന്ന് അവസാനിച്ചതോടെ വീട്ടമ്മ പരാതിയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. കേസുമായി മുന്നോട്ട് പോയാൽ കുട്ടികൾ പ്രതികളാകുന്ന അവസ്ഥ വരുന്നതോർത്താണ് പിന്മാറ്റം.
Also read: സ്‌ത്രീധനം നൽകാത്തതിന് ഭാര്യയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചയാള്‍ അറസ്റ്റില്‍