കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കായി ജില്ലയിൽ അമ്മത്തൊട്ടിൽ ഒരുക്കണമെന്ന നിർദേശവുമായി ശിശുക്ഷേമ സമിതി (സിഡബ്ല്യുസി). മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അമ്മത്തൊട്ടിൽ ഒരുക്കുണമെന്നാണ് നിർദേശം. പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്ക് തണലൊരുക്കുകയാണ് ശിശുക്ഷേമ സമിതിയുടെ ലക്ഷ്യം.
നിലവിൽ ജില്ലയിലെവിടെയും അമ്മത്തൊട്ടിലുകൾ ഇല്ലെന്നതും, നവജാത ശിശുക്കളുടെ ഉപേക്ഷിക്കുന്ന സംഭവം കോഴിക്കോട് കൂടി വരുന്ന സാഹചര്യവും കണക്കിലെടുത്താണ് സിഡബ്ല്യുസി നിർദേശം. നേരത്തെ ബീച്ച് ആശുപത്രിയിലേക്ക് പ്രഖ്യാപിച്ച ഇലക്‌ട്രോണിക് അമ്മത്തൊട്ടിൽ ഇപ്പോഴും കടലാസിൽ കാറ്റുകൊള്ളുകയാണ്. രാമനാട്ടുകരയിൽ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ പുലർച്ചെ അഞ്ച് മണിക്കാണ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് സിഡബ്ല്യുസിയുടെ വിലയിരുത്തല്‍. പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവവും കോഴിക്കോട്ടായിരുന്നു. ഇതുവരെ എത്ര കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുവെന്നതിനെ കുറിച്ച് കൃത്യമായ കണക്ക് ശിശുക്ഷേമ സമിതിക്ക് മുന്നിലില്ലെങ്കിലും കുഞ്ഞുങ്ങളെ ഉപേക്ഷിക്കലും അനധികൃത ദത്ത് നൽകലും കോഴിക്കോട് ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സിഡബ്ല്യുസി കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടെ മാതൃശിശു സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് അമ്മത്തൊട്ടിലിൽ സ്ഥാപിക്കണമെന്ന് ശിശുക്ഷേമ സമിതി സർക്കാരിന് നിർദേശം സമർപ്പിച്ചിരിക്കുന്നത്.