കോഴിക്കോട്: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നാണ് ചൊല്ല്.. ചക്കയ്ക്ക് ആകാമെങ്കില്‍ പിന്നെ ചേനയ്ക്കും ആകാമല്ലോ.. പക്ഷേ ചേന വേരിലല്ല, ചാക്കിലാണെന്ന് മാത്രം. കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ മള്ളാറു വീട്ടിൽ ചന്ദ്രനാണ് ചേനയെ ചാക്കിലാക്കിയത്.
മണ്ണും സ്ഥലവും ഇല്ലാത്തവർക്കൊരു മാതൃക
കൃഷിയിറക്കാൻ മണ്ണും സ്ഥലവും ഇല്ലാത്തവർക്ക് മാതൃകയാണ് ചന്ദ്രൻ. ഇഷ്ടികയ്ക്ക് മുകളിൽ ഉറപ്പുള്ളതും വെള്ളം കെട്ടി നിൽക്കാത്തതുമായ പ്ലാസ്റ്റിക്ക് ചാക്കിൽ ചപ്പുചവറും ചാണകവും നിറച്ച് ചേന വിത്ത് നടും. പിന്നാലെ ചാരവും കമ്പോസ്റ്റും ചേർക്കും.
മഴക്കാല ആരംഭത്തിൽ വിത്തിറക്കിയാൽ ആറ് മാസം കൊണ്ട് വിളവെടുക്കാം. മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങി വലുതാവുന്ന ചേന, മുറ്റത്തും ടെറസിലും വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് ചന്ദ്രൻ. 'ചാക്ക്' കൃഷി ആയതിനാൽ എവിടേക്കും നീക്കി വെക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
മാത്രവുമല്ല വീട്ടുപരിസരത്തെ ചപ്പചവറുകൾ ചാക്കിലാവുകയും ചെയ്യും. അങ്ങിനെ മാലിന്യ സംസ്ക്കരണം കൂടി ഈ കാർഷിക രീതി കൊണ്ട് സാധ്യമാകും. കൃഷിയിൽ നിരന്തരം പരീക്ഷണം നടത്തുന്ന ചന്ദ്രൻ "ഹരിത കീർത്തി' അവാർഡ് ജേതാവ് കൂടിയാണ്. നാട്ടിലെ ആനക്കാര്യങ്ങൾക്കിടയിൽ ചന്ദ്രന്‍റെ ചേനക്കാര്യവും ഇപ്പോൾ ചർച്ചയാണ്.