കോഴിക്കോട്: കോഴിക്കോട് എടക്കാടിന് സമീപം കനോലി കനാലിന്‍റെ ഭിത്തി ഇടിഞ്ഞിട്ട് മാസങ്ങളായി. 75 മീറ്ററോളം ഭാഗത്തെ കൽക്കെട്ട് കനാലിലേക്ക് തകർന്നുവീണ നിലയിലാണ്. ഇരുചക്ര വാഹനങ്ങൾ കടന്നു പോകുന്ന സമീപത്തെ വഴിയും ഇതോടെ അപകടാവസ്ഥയിൽ ആയി. ദേശീയ ജലപാതയായി വികസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന കനാലിന്‍റെ പാർശ്വഭിത്തി സംരക്ഷണത്തിനായി നിലവിൽ ജലസേചന വകുപ്പിന് പദ്ധതിയില്ല.
വൻതുക മുടക്കി ഇപ്പോൾ കനാല്‍ ഭിത്തി നവീകരിച്ചാലും ജലപാതയ്ക്കായി വികസിപ്പിക്കുമ്പോൾ ഭിത്തി പൊളിച്ച് നീക്കേണ്ടി വരുമെന്നതാണ് പ്രശ്നം. അതേസമയം ജലപാത പദ്ധതിയുടെ നടപടികൾ കനാലിൽ ഇതുവരെ ആരംഭിച്ചിട്ടുമില്ല. എടക്കാട് നെല്ലിക്കാപ്പുളി പാലത്തിനു സമീപവും കാരപ്പറമ്പ് , എരഞ്ഞിപ്പാലം എന്നിവിടങ്ങളിലും ഭിത്തികൾ തകർന്നിട്ടുണ്ട്.