കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്‌പ്രസിലെ തീവയ്‌പ്പ് കേസ് പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പമ്പിൽ നിന്നും പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒന്നര കിലോമീറ്റർ ചുറ്റളവിൽ നാല് പെട്രോൾ പമ്പുകളാണ് ഉള്ളത്. ഇതിൽ ഒരു പമ്പിൽ നിന്ന് മാത്രമാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്. പ്രതി ഷാറൂഖ് സെയ്‌ഫി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.
മാർച്ച് 31ന് രാവിലെ 9.30ഓടെയാണ് ഇയാൾ രാജ്യ തലസ്ഥാനത്ത് നിന്നും സമ്പർക് ക്രാന്തി എക്‌സ്‌പ്രസിൽ കേരളത്തിലേക്ക് തിരിച്ചത്. മൂന്നാം ദിവസമായ ഏപ്രിൽ രണ്ടിന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഷൊർണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതി ഏകദേശം രണ്ടുമണിക്കൂർ സമയം ചെലവഴിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
സ്റ്റേഷനിലിറങ്ങിയ ഇയാള്‍ എവിടെയൊക്കെ സഞ്ചരിച്ചുവെന്നും എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും പെട്രോളുമായി സ്റ്റേഷനിലേക്ക് എങ്ങനെ പ്രവേശിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന എക്‌സിക്യുട്ടിവ് എക്‌സ്‌പ്രസ് വൈകിട്ട് 7.12നാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ സമയം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതി ട്രെയിനിലേക്ക് കയറിയതിന്‍റെയും യാത്ര ചെയ്‌തതിന്‍റെയും വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷൊർണൂരിൽ നിന്ന് പുറപ്പെട്ടതിന് ശേഷം നിരവധി സ്റ്റേഷനുകൾ പിന്നിട്ടിട്ടും എലത്തൂരിനും കോരപ്പുഴക്കും ഇടയിൽ വച്ച് ആക്രമണം നടത്തിയതിന്‍റെ ഉദേശത്തിലേക്കാണ് പ്രധാനമായും ചോദ്യം ചെയ്യൽ ഊന്നൽ നൽകുന്നത്.
രണ്ട് മണിക്കൂറിലേറെ സമയം ട്രെയിനിലുണ്ടായിട്ടും ആക്രമണം നടത്താൻ ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തതിന്‍റെ സാധ്യതകളാണ് പൊലീസ് പ്രധാനമായും ചോദിച്ചറിയുന്നത്. ഈ അപകടം നടന്ന റെയിൽ പാളത്തിൻ്റെ ഇരുഭാഗങ്ങളിലും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പെട്രോൾ പമ്പും ഗ്യാസ് ശേഖരവുമാണ് ഉള്ളത്. തൊട്ട് മുന്നിൽ കോരപ്പുഴ പാലവും അതിനപ്പുറമുള്ള ഈ പ്രദേശം സിസിടിവി നിരീക്ഷണം ഇല്ലാത്ത ഒരു വിജനമായ സ്ഥലം കൂടിയാണ്.
ഈ സ്ഥലം ആക്രമണത്തിന് തെരഞ്ഞെടുത്തതിന്‍റെ സാധ്യതകളിൽ തീവ്രവാദി ആക്രമണം മാവോയിസ്റ്റ് ആക്രമണം ഇതെല്ലാം പ്ലാൻ ചെയ്യുന്നവരുടെ രീതിയാണ് എന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
പ്രതി ഷാരൂഖ് സെയ്‌ഫിയുടെ മൊഴി: താൻ ഒറ്റയ്ക്കാണ് ഈ കൃത്യങ്ങളെല്ലാം ചെയ്‌തത് എന്ന മൊഴിയിൽ പ്രതി ഷാറൂഖ് ഉറച്ച് നിൽക്കുകയാണ്. മറ്റാരും സഹായത്തിനില്ലെന്നും ഒരു കാര്യം തീരുമാനിച്ചാൽ അത് എങ്ങനെയും നടത്തും എന്നത് തന്‍റെ സ്വഭാവമാണെന്നും പറഞ്ഞ് ഒറ്റയ്ക്കാണ് ഈ ആക്രമണം നടത്തിയത് എന്നതിൽ പ്രതി ഉറച്ച് നിൽക്കുന്നത്. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാത്ത പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്‌ത് യഥാർഥ സംഭവത്തിലേക്ക് എത്തിച്ചേരാനുള്ള നെട്ടോട്ടത്തിലാണ്.
ഹിന്ദിയിലും ഇംഗ്ലീഷിലും നല്ല വാക്‌ചാതുര്യമുള്ള പ്രതിയെ സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌ത് കൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പ്രതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പും നടത്തും.