കോഴിക്കോട്: വടകര-തൊട്ടില്‍പാലം റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. കൈനാട്ടിയില്‍ ബസ് കണ്ടക്ടറെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി അപായപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നൂറോളം ബസുകളാണ് പണിമുടക്കിയിരിക്കുന്നത്.
പണിമുടക്ക് യാത്രക്കാരെയും വലച്ചു. പ്രദേശത്ത് സമാന്തര സര്‍വീസ് നടത്തിയ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങള്‍ കണ്ടക്ടര്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ കണ്ടക്ടറുടെ നേരെ ഓട്ടോ ഓടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുകളിലേക്ക് കണ്ടക്ടര്‍ രാജേഷ് വീണതോടെ ഓട്ടോയുടെ ചില്ല് പൊട്ടിയിരുന്നു. സംഭവത്തില്‍ പൊലീസ് ഇരു കൂട്ടര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളികള്‍ പണിമുടക്കിയത്. സമാന്തര സര്‍വീസിനെതിരെ ബസുടമകള്‍ വ്യാപക പ്രചരണം നടത്തുന്നതിനിടയില്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് ബസുടമകളുടെ പരാതി.