കോഴിക്കോട്: പെൺകുട്ടിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്‌റ്റില്‍. ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ സൗഹൃദ സംഭാഷണം നടത്തി പിന്നീട് സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച മാവൂർ- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബനാറസ് ബസിലെ കണ്ടക്‌ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാൻ എന്ന 22 കാരനെയാണ് മാവൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് ആരോടും പറയരുതെന്നും ഇയാൾ പറഞ്ഞിരുന്നു.
സംഭവത്തെ തുടർന്ന് ഭയന്നുപോയ കുട്ടി വിവരം കൂട്ടുകാരിയോടും അമ്മയോടും പറയുകയായിരുന്നു. പോക്സോ നിയമപ്രകാരം പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ശേഷം, ഇയാളെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌ത് കോഴിക്കോട് സ്പെഷൽ സബ്ബ് ജയിലിലടച്ചു. എസ്.ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മോഹനൻ, സിവിൽ പൊലീസ് ഓഫീസർ നിഖില എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.
റഷ്യന്‍ യുവതിയെ മര്‍ദിച്ച പ്രതി അറസ്‌റ്റില്‍: അതേസമയം, കോഴിക്കോട് കൂരാച്ചുണ്ടില്‍ ആണ്‍ സുഹൃത്തിന്‍റെ ക്രൂര മര്‍ദനത്തിന് ഇരയായ റഷ്യന്‍ സ്വദേശിനി ആത്മഹത്യ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റിലായി. കാളങ്ങാലി ഓലക്കുന്നത് ആഗിലിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പേരാമ്പ്ര പൊലീസ് ഇന്നലെ രാത്രിയോടെയായിരുന്നു ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
പ്രതി ഒളിവിലായിരുന്ന സമയം ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും ഒരുമിച്ച് കൂരാച്ചുണ്ടില്‍ താമസിക്കവെ കഴിഞ്ഞ ദിവസമായിരുന്നു ആഗില്‍ യുവതിയെ ക്രൂര മര്‍ദത്തിന് ഇരയാക്കിയത്.
മര്‍ദനത്തിന് ശേഷം, ഇയാള്‍ യുവതിയുടെ പാസ്‌പോര്‍ട്ട് കീറിക്കളയുകയും ചെയ്‌തു. മര്‍ദനം തുടര്‍ന്നതിനാല്‍ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി മര്‍ദിച്ചത് ലഹരി നല്‍കിയ ശേഷം: യുവതിയുടെ രഹസ്യമൊഴി ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജായ ശേഷം രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. റഷ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതിയെ റഷ്യയിലേയ്‌ക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ലഹരി നല്‍കിയ ശേഷമാണ് ആഗില്‍ തന്നെ പീഡിപ്പിച്ചതെന്നും മര്‍ദനം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
റഷ്യന്‍ സ്വദേശിയായ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയെ പൊലീസ് യുവതിയെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ശേഷം, യുവതി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇരുവരും തമ്മിലുള്ള പരിചയം ഇന്‍സ്‌റ്റഗ്രാം വഴി: യുവതി അപകട നില തരണം ചെയ്‌തതിന് ശേഷമാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയ കേസെടുത്തു. ഇരുവരും ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു പരിചയപ്പെട്ടത്.
ഏറെ നാള്‍ ഇൻസ്‌റ്റഗ്രാമിലൂടെ പരിചയത്തിലായ ശേഷം ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയായിരുന്നു. ശേഷം, ആഗിലിനൊപ്പം ജീവിക്കാനായി യുവതി കേരളത്തിലേയ്‌ക്ക് എത്തുകയായിരുന്നു. റഷ്യയില്‍ നിന്ന് ഖത്തറിലെത്തിയ യുവതി നേപ്പാള്‍ വഴി ഇന്ത്യയിലേയ്‌ക്കും തുടര്‍ന്ന് കേരളത്തിലേക്കുമാണ് എത്തിയത്.