കോഴിക്കോട്: വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ ഒരാൾക്ക് പരിക്ക്. കൊടുവള്ളി കരുവൻപൊയിൽ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാളയാണ് പുലർച്ചെ (16.10.22) രണ്ടു മണിയോടെ വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ കയർ പൊട്ടിച്ച് ഓടിയത്. 15 കിലോമീറ്ററോളം ഓടിയ കാള പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.
ഇതിനിടെ പ്രദേശവാസിയായ ഗോപാലനെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഉടമസ്ഥനും ശ്രമിച്ചിട്ടും കാളയെ പിടിച്ചു കെട്ടാന്‍ സാധിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.
മുക്കം ഫയർഫോഴ്‌സ് സംഘം ചാത്തമംഗലം പഞ്ചായത്തിലെ കോട്ടോൽ തായം പ്രദേശത്ത് വച്ച് കാളയെ പിടിച്ചു കെട്ടി ഉടമയായ എരഞ്ഞിക്കോത്ത് സ്വദേശി മുർഷിദിനെ ഏൽപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ സികെ മുരളീധരൻ, പി അബ്‌ദുല്‍ ഷുക്കൂർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ കെസി സലിം, എ നിപിൻ ദാസ്, കെപി അമീറുദീൻ, കെ രജീഷ്, കെഎസ് ശരത്, വിഎം മിഥുൻ എന്നിവർ നേതൃത്വം നൽകി.