കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയം ഉയർത്തി പ്രതിപക്ഷം നടത്തുന്ന സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം.
അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ഡിസംബര്‍ 20ന് കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കാനിരിക്കെയാണ് പ്രതിപക്ഷ നീക്കത്തെ വനം മന്ത്രി അപലപിച്ചത്.
ഭൂതല സര്‍വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വേ നല്‍കുക. ഉപഗ്രഹ സര്‍വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്‌നങ്ങളുണ്ട്.
പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മിഷൻ സിറ്റിങ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.