കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആർഇസി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി നിധിൻ സെബാസ്റ്റ്യന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്‌ച വൈകുന്നേരം 4.45ഓടെയാണ് നിധിൻ സെബാസ്റ്റ്യൻ തൃക്കുട മണ്ണകടവിൽ ഒഴുക്കിൽ പെട്ടത്.
നിധിൻ സെബാസ്റ്റ്യനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഇവിടെ കുളിക്കാനെത്തിയത്. മറുകരയിലേക്ക് നീന്തുന്നതിനിടെ നിധിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു വിദ്യാർഥിയും ഒഴുക്കിൽപ്പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർഥികൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ ഒഴുക്കിൽപെട്ടതിന് സമീപത്ത് നിന്ന് നിധിന്‍റെ മൃതദേഹം കണ്ടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.