കോഴിക്കോട്: ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ (18), ആദിൽ ഹസൻ (16) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ബീച്ചില്‍ പന്ത് കളിക്കാനെത്തിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ബീച്ചിലെ ലയണ്‍സ് പാര്‍ക്കില്‍ വച്ചാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് വിദ്യാര്‍ഥികളാണ് തിരയില്‍പ്പെട്ടത്.
ഒരാളെ നാട്ടുകാരെത്തി രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരും തിരയുടെ ചുഴിയില്‍പ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും രാത്രി ഏറെ വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും അഗ്നിരക്ഷ സേനയും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
അഞ്ച് കുട്ടികള്‍ ഒരുമിച്ചാണ് ലയണ്‍സ് ക്ലബിന് സമീപമുള്ള കടപ്പുറത്ത് പന്ത് കളിക്കാനെത്തിയത്. പന്ത് കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവെയാണ് മൂന്ന് പേരും തിരയില്‍പ്പെട്ടത്. മീഞ്ചന്ത ഗവണ്‍മെന്‍റ് ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിൽ ഹസൻ. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു മുഹമ്മദ് ആദില്‍.
ഒഴിയാതെ അപകടങ്ങള്‍ : സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ് കടലിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും മുങ്ങി മരിക്കുന്നത്. അടുത്തിടെ നിരവധി വിദ്യാര്‍ഥികള്‍ ഇത്തരം അപകടത്തിന് ഇരയായിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് ഇടുക്കിയിലെ നെടുങ്കണ്ടത്ത് സഹോദരിക്കും കൂട്ടുകാക്കുമൊപ്പം നീന്തല്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചത്.
പാറത്തോട് മേട്ടകില്‍ സ്വദേശി ശെന്തിലിന്‍റെ മകന്‍ ഹാര്‍വിന്‍ (13) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു ഹാര്‍വിന്‍ സഹോദരി ഹര്‍ഷിനിക്കും കൂട്ടുകാര്‍ക്കുമൊപ്പം മേട്ടകിയിലെ ഏലത്തോട്ടത്തിന് സമീപത്തെ കുളത്തിലെത്തിയത്. നീന്തല്‍ പഠിക്കാനെത്തിയത് കൊണ്ട് അരയില്‍ കയര്‍ കെട്ടിയാണ് ഹാര്‍വിന്‍ വെള്ളത്തിലിറങ്ങിയത്.
എന്നാല്‍ വെള്ളത്തിലിറങ്ങിയ കുട്ടി മുങ്ങിത്താഴികയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഹാര്‍വിനെ കരയ്‌ക്ക് കയറ്റി ഉടന്‍ തന്നെ നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറത്തും സമാന സംഭവം: അടുത്തിടെയാണ് മലപ്പുറത്ത് 12 വയസുകാരന്‍ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചത്. പാഴൂര്‍ പുത്തന്‍പിടിയേക്കല്‍ സൈനുദ്ദീന്‍റെ മകന്‍ മുഹമ്മദ് സനൂപാണ് മരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു.
ഭാരതപ്പുഴയുടെ കുറ്റിപ്പുറം ചെമ്പിക്കല്‍ ഭാഗത്തായിരുന്നു അപകടം. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കുളിക്കാനെത്തിയ സനൂപ് പുഴയിലിറങ്ങിയതോടെ വെള്ളത്തില്‍ മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി സനൂപിനെ കരയ്‌ക്ക് കയറ്റി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പടുതക്കുളത്തില്‍ വീണ് 16കാരി മരിച്ചു: ഇടുക്കി നെടുങ്കണ്ടത്ത് ഏതാനും ദിവസം മുമ്പാണ് 16 വയസുകാരി വീടിന് സമീപമുള്ള പടുതക്കുളത്തില്‍ വീണ് മുങ്ങിമരിച്ചത്. കട്ടക്കാല വരിക്കപ്ലാവ് സ്വദേശിയായ അനാമികയാണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തില്‍ വളര്‍ത്തു മീനുകള്‍ക്ക് തീറ്റ നല്‍കാന്‍ പോയ അനാമികയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മീനുകള്‍ക്ക് തീറ്റ നല്‍കുന്നതിനിടെ അബദ്ധത്തില്‍ അനാമിക കുളത്തിലേക്ക് വീഴുകയായിരുന്നു.