കോഴിക്കോട്: കാട്ട് പന്നി ശല്യം കാരണം പുറമേരി, വെള്ളൂർ, കോടഞ്ചേരി മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍. വ്യാപകമായി കൃഷി നാശത്തിന് പുറമെ ജനജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. കുട്ടികളെ ഉള്‍പ്പെടെ ഉപദ്രവിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. തൊഴിലുറപ്പ് തൊഴിലാളും ഭീതിയോടെയാണ് ജോലി ചെയുന്നത്. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരി കല്ലടി മുക്കില്‍ വ്യാപക കൃഷി നാശമാണ് കാട്ടുപിന്നികള്‍ ഉണ്ടാക്കിയത്.
കുണ്ടിലോട്ടുമ്മൽ ചന്ദ്രന്‍റെ പുരയിടത്തിലെ ആറ് വർഷം പ്രായമായ തെങ്ങിൻ തൈകൾ കൂരാരത്ത് നാണു, മുതുവാട്ട് വാസു എന്നിവരുടെ തെങ്ങിന്‍ തൈയ്യും കവുങ്ങിൻ തൈകളും, കുടുംബശ്രീ യൂണിറ്റിന്‍റെ മഞ്ഞൾ, ഇഞ്ചി, കരനെൽ കൃഷി എന്നിവയെല്ലാം ഇത്തരത്തില്‍ നശിപ്പിച്ചു. രണ്ട് മാസത്തോളമായി തുടരുന്ന പന്നിശല്യത്തിന് പരിഹാരം കാണാന്‍ എംഎൽഎ ഉൾപ്പെടെയുള്ളവരെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.