കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിലെ ധർമരാജനുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ധർമരാജനെ പ്രിന്‍റിങ് മെറ്റീരിയലിന്‍റെ ജോലി ഏൽപ്പിച്ചിരുന്നു, മറ്റൊരു ബന്ധവുമില്ല, ഇതുപോലുള്ള ജോലി ഏൽപ്പിക്കുന്നവരുടെ ജാതകം പരിശോധിക്കലല്ല പാർട്ടിയുടെ പണിയെന്നും കൃഷ്ണദാസ് കോഴിക്കോട്ട് പറഞ്ഞു.
ബിജെപിക്കെതിരെ പിണറായി സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി, കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചു. കേരള നിയമസഭ കേന്ദ്രവിരുദ്ധ സഭയായി. യോഗങ്ങൾക്ക് പോലും സർക്കാർ വിലക്കേർപ്പെടുത്തി. കൊടകര കുഴൽപ്പണ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ തിരക്കഥയ്ക്കനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
Read Also.........'ബിജെപി ചെലവഴിച്ച പണത്തിന്‍റെ കണക്ക് പരിശോധിക്കണം';തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
ഈ കേസ് അന്വേഷിക്കുന്നത് അധോലോക സംഘമാണ്. പ്രതികളുടെ കോൾ ലിസ്റ്റ് പരിശോധിക്കാതെ വാദിയുടെ ഫോൺ കോൾ അനുസരിച്ചാണ് കേസ് അന്വേഷിക്കുന്നത്. കെ.സുന്ദരക്ക് മൊഴിമാറ്റാൻ സിപിഎമ്മും ലീഗും എത്ര പണം കൊടുത്തു എന്നാണ് അന്വേഷിക്കേണ്ടതെന്നും പി.കെ.കൃഷ്ണദാസ് കൂട്ടിച്ചേർത്തു.