കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലെ സൂര്യതേജസായിരുന്നു അടൽ ബിഹാരി വാജ്പേയിയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സികെ പത്മനാഭൻ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 96-ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ദേശീയ സദ്ഭരണ ദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ മുന്നണി രാഷ്ട്രീയം പ്രായോഗികമാക്കി പ്രാഗല്‍ഭ്യം തെളിയിച്ച അദ്ദേഹം എതിരാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ആളാണെന്നും സികെ പത്മനാഭന്‍ പറഞ്ഞു. വാജ്‌പേയിയുടെ ഹൃദയ വിശാലതയും,നർമബോധവും,അഗാധമായ അറിവും ആരേയും കീഴ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടാണ് മുന്നണി ഭരണത്തിന് നേതൃത്വം കൊടുക്കുമ്പോഴും ശക്തമായ നിയമനിർമാണങ്ങൾ നടത്താനും,നിർണായകമായ തീരുമാനങ്ങളെടുക്കാനും അദ്ദേഹത്തിന് സാധിച്ചതെന്ന് പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ കാർഷിക നിയമത്തെക്കുറിച്ചുളള ചർച്ച ആരംഭിക്കുന്നതും വാജ്പേയി ഭരണത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബിജെപി ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്‍റ് അഡ്വ വികെ സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രജനീഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്‍റ് ബികെ പ്രേമൻ, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്‍റ് സിപി വിജയകൃഷ്‌ണൻ, കൗൺസിലർ എൻ ശിവപ്രസാദ്, ഷെയ്‌ക് ഷാഹിദ് എന്നിവർ സംബന്ധിച്ചു. വാജ്‌പേയിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചനയും നടത്തി.