കോഴിക്കോട്: ബോട്ടുകാർ പിടിച്ചെടുത്തിക്കുന്ന മത്സ്യം പെട്ടെന്ന് ഇറക്കുന്നതിനായി ബേപ്പൂർ ഹാർബറിൽ പ്രത്യേക യന്ത്ര സഹായം ഒരുക്കുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് മെക്കനൈസ്ഡ് ഫിഷിംഗ് അൺലോഡിംഗ് സംവിധാനം സജ്ജമാക്കുന്നത്. പ്രാഥമിക പരിശോധന പൂർത്തിയായ പദ്ധതിയുടെ രൂപരേഖ ഉടൻ തയ്യാറാക്കി അനുമതിക്ക് സമർപ്പിക്കും.
വാർഫിൽ നദീമുഖത്ത് 40 മീറ്റർ നീളമുള്ള ക്രെയിൻ സംവിധാനമൊരുക്കി കൺവെയർ ബെൽറ്റ് വഴി ലേല പുരയിലേക്ക് ആ മത്സ്യം എത്തിക്കുന്നതാണ് സംവിധാനം. ഇതിന് നിലവിലെ ലേലപ്പുര പുതുക്കി പണിയണം. 52 മീറ്റർ നീളത്തിലും 12.6 മീറ്റർ വീതിയിലുമുള്ള ലേലപ്പുരക്ക് 3.6 മീറ്റർ ഉയരമാണുള്ളത്. ഇത് രണ്ട് നിലകളിലായി 8 മീറ്റർ ഉയരത്തിൽ മാറ്റി നിർമിക്കണം. ക്രെയിൻ നീങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനാണ് ലേലപ്പുരയുടെ ഉയരം വർധിപ്പിക്കുന്നത്.
പുതിയ സംവിധാനം വഴി മത്സ്യം തരംതിരിച്ച് ഇറക്കാനും അതിവേഗം വിപണനം ചെയ്യാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ബേപ്പൂർ ഹാർബറിൽ 170 മീറ്റർ നീളമുള്ള പഴയ വാർഫിലെ ജെട്ടിയിൽ നിന്നും ഒരേസമയം 8 ബോട്ടുകളിൽ നിന്നും മാത്രമേ മത്സ്യം ഇറക്കാൻ കഴിയൂ. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി തീർക്കാനാണ് മീൻ ഇറക്കുന്നതിനാണ് പുതിയ യന്ത്രസംവിധാനം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വിഭാവനം ചെയ്യുന്നത്.