കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം പോളിങ് ബൂത്തിലും പ്രതിഫലിച്ചപ്പോൾ തിരുവമ്പാടി, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയത് മികച്ച പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ പോളിങ് സ്റ്റേഷനുകൾ ഇത്തവണ ഒരുക്കിയിരുന്നതിനാൽ വലിയ രീതിയിലുള്ള തിരക്കുകളും വരി നിൽക്കലും മിക്ക ബൂത്തുകളിലും ഉണ്ടായിരുന്നില്ല. കുന്ദമംഗലത്ത് 81.01 ശതമാനവും, കൊടുവള്ളിയില്‍ 79.49 ശതമാനവും, തിരുവമ്പാടിയില്‍ 76.75 ശതമാനവും പോളിങ് രേഖപ്പെടുത്തി.
കൊവിഡിനെ തുടർന്ന് കൂടുതൽ മുതിർന്ന പൗരന്മാർ പോസ്റ്റൽ വോട്ടുകൾ ചെയ്‌തതും പോളിങ് ബൂത്തുകളിൽ തിരക്ക് കുറയാൻ കാരണമായി. ഭൂരിഭാഗം ബൂത്തുകളിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ ഏഴുമണിയോടെ തന്നെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു. വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടർന്ന് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 108-ാം ബൂത്തിൽ അരമണിക്കൂറും മുക്കം താഴെക്കോട് ജിഎൽപി സ്‌കൂളിലെ 113-ാം ബൂത്തിലും കൂമ്പാറ ഗവ. ട്രൈബൽ സ്‌കൂളിലെ 96-ാം ബൂത്തിലും ഒരു മണിക്കൂർ വീതവും വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് തിരുവമ്പാടി മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് മന്ദഗതിയിലായി. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിലെ 13 നക്‌സല്‍ ബാധിത ബൂത്തുകളിൽ വൈകുന്നേരം ആറു മണിയോടെ തന്നെ വോട്ടിങ് അവസാനിച്ചു. കേന്ദ്രസേനയുടെ കനത്ത നിരീക്ഷണത്തിലാണ് ഇവിടങ്ങളിൽ വോട്ടിങ് നടന്നത്. ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ചിലയിടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തവരുടെ ചിലരുടെ പേര് നിയമസഭ വോട്ടർ ലിസ്റ്റിൽ ഇല്ലാത്തതുമൂലം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.