കോഴിക്കോട്: ബാലുശ്ശേരിയിലെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപെടുത്തി. നജാഫ് ഫാരിസ് (ഡിവൈഎഫ്ഐ), മുഹമ്മദ് സാലി (മുസ്ലീം ലീഗ്), മുഹമ്മദ് ഇജാസ് (വെൽഫെയർ പാർട്ടി), റിയാസ് (മുസ്ലീം ലീഗ്), ഷാലിദ് (ഇടത് അനുഭാവി) എന്നിവരുടെ അറസ്റ്റാണ് ബാലുശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്.
ഫ്ലക്സ് ബോർഡ് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുരാജിനെ മർദ്ദിച്ച സംഘത്തിൽ നജാഫ് ഫാരിസും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളുടെ മൊഴി പ്രകാരം ജിഷ്ണുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ആൾക്കൂട്ട മർദ്ദനത്തിൽ ജാമ്യമില്ല വകുപ്പ് കേസെടുത്ത മറ്റ് 24 പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വടക്കെ ഇന്ത്യൻ മോഡൽ സംഭവമാണ് ബാലുശ്ശേരിയിൽ നടന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതേ സംഘടനയുടെ പ്രവർത്തകൻ തന്നെ പ്രതിപ്പട്ടികയിൽ വന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നത്. എസ്‌ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ ബാലുശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുരാജിനെ പാലോളിമുക്കിൽ വെച്ച് മുപ്പതോളം പേരാണ് രണ്ട് മണിക്കൂറോളം വളഞ്ഞിട്ട് മർദ്ദിച്ചത്.
മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.