തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തതിനാലാണ് അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അത് അനുവദിക്കാതെ സ്‌പീക്കര്‍ നിയമസഭ പിരിച്ച് വിട്ടതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സഭാ നടപടികള്‍ വേഗത്തിൽ തീർത്ത് സഭ പിരിയുന്നതായി പ്രഖ്യാപിച്ചത് സ്‌പീക്കറുടെ ഒളിച്ചോട്ടമാണെന്നും സുധാകരന്‍ ആരോപിച്ചു.
'സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ജനാധിപത്യപരമായ അവകാശമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നിഷേധിച്ചത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മനപൂര്‍വ്വം പ്രശ്‌നം സൃഷ്‌ടിച്ചത് ഭരണപക്ഷമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഭയില്‍ പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമാണ്. ഈ പ്രതിഷേധത്തിന് ഇടയിലും സഭാ നടപടികളുമായി മുന്നോട്ട് പോയ സ്‌പീക്കര്‍, ശ്രദ്ധ ക്ഷണിക്കലും സബ്‌മിഷനും തീര്‍ത്ത് ബില്ലുകള്‍ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടതിന് ശേഷം അടിയന്തര പ്രമേയം എടുക്കേണ്ട സമയം ആയപ്പോഴാണ് സഭ പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് തന്നെ മലപ്പുറം പരാമര്‍ശത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ താല്‍പര്യമില്ലെന്ന് കേരളത്തിന് ബോധ്യപ്പെട്ടു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ മോശമായി അധിക്ഷേപിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ തരംതാഴ്ന്ന നിലവാരം നിയമസഭയിലും കാട്ടി. മുഖത്ത് നോക്കി ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രിക്ക് വെറുപ്പാണ്. ആ അസഹിഷ്‌ണുതയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് കാട്ടിയത്.
മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയ ശേഷം സ്‌പീക്കര്‍ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനായി നാടകം കളിക്കുകയായിരുന്നു. സ്‌പീക്കറുടെ നടപടി ആ പദവിയുടെ അന്തസിന് ചേര്‍ന്നതല്ല. നിഷ്‌പക്ഷത പുലര്‍ത്തേണ്ട സ്‌പീക്കര്‍ നിയമസഭയില്‍ സിപിഎം പ്രതിനിധിയെപ്പോലെ രാഷ്ട്രീയം കളിച്ചു. വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളെ ആ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചതും അതിന്‍റെ ഭാഗമാണെന്നും' കെസുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read:'മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സിയുടേതല്ല, മുഖ്യമന്ത്രിയുടെ വിശദീകരണം ശുദ്ധ അസംബന്ധം': കെ സുധാകരന്‍