കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് മൂന്ന് മണിക്കൂറിനൊടുവിലത്തെ പരിശ്രമത്തിനൊടുവില്‍ പുറത്ത് എത്തിച്ചു. തൂണിലെ വളയം മുറിച്ച് മാറ്റിയതോടെയാണ് ബസ് പുറത്തെടുക്കാനായത്. ബസിന്‍റെ ചില്ലുകള്‍ മുറിക്കാതാരിക്കാൻ വേണ്ടിയാണ് തൂണിലെ വളയം മുറിച്ച് മാറ്റിയത്.
ഇന്ന് രാവിലെയോടെയാണ് ബസ് ടെര്‍മിനലില്‍ സ്വിഫ്റ്റ് ബസ് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ ബസ് സ്റ്റാൻഡിലെ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിയത്. ബസ് സ്റ്റാൻഡിന്‍റെ അശാസ്ത്രീയ നിര്‍മാണവും സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ പരിചയ കുറവും ബസ് കുടുങ്ങാൻ കാരണമായി ആരോപിക്കപ്പെടുന്നുണ്ട്. സംഭവത്തെ കുറിച്ച് കെ.എസ്.ആര്‍.ടി.സിയോ സ്വിഫ്റ്റ് കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബസ് ഇന്ന് വൈകിട്ട് സര്‍വീസ് പുനരാരംഭിക്കും. വ്യാഴാഴ്‌ച രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തിയ ബസാണിത്. രാവിലെ തിരിച്ച് ബംഗ്ലൂരുവിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്നു. എന്നാല്‍ ബസിനെ പുറത്തെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബംഗ്ലൂരുവിലേക്ക് മറ്റൊരു ബസ് സര്‍വീസ് നടത്തി.