കോഴിക്കോട് : അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ നിര്‍മിത ബുദ്ധി (Artificial Intelligence) സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കാൻ പദ്ധതി. രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങള്‍ മനസിലാക്കുകയാണ് ലക്ഷ്യം. ഡീപ് ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ അക്രമ വാസന, ചാടിപ്പോകാനുള്ള മാനസികാവസ്ഥ എന്നിവ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
ഇതിനായി വാര്‍ഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും. രോഗികളിലെ മാറ്റം വേഗത്തില്‍ തിരിച്ചറിയുമെന്നതിനാല്‍ മികച്ച പരിചരണം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിർമിത ബുദ്ധി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമായിരിക്കും കുതിരവട്ടം. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പാലക്കാട് ഐഐടിയില്‍ നിന്നുള്ള വിദഗ്‌ധ സംഘം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായപ്പോഴാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്ത് ചെയ്യാനാകുമെന്ന ചിന്തയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്. ഈ സാഹചര്യത്തിലാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖ പാലക്കാട് ഐഐടി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
പദ്ധതി പെട്ടെന്ന് നടപ്പാക്കാനായിരുന്നു ഐഐടിക്ക് ലഭിച്ച നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഐഐടിയിലെ വിദഗ്‌ധ സംഘം കുതിരവട്ടത്തെത്തിയത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ഐഐടിയിലെ വിദഗ്‌ധര്‍ അടുത്ത ദിവസം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും.