കോഴിക്കോട്: കൊടിയത്തൂരിൽ 5000ത്തോളം വളർത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കൊടിയത്തൂർ പാറമ്മൽ കട്ടിരിച്ചാലിൽ കെ.ടി ജസീലയുടെ വളർത്തു മത്സ്യങ്ങളാണ് ചത്തു പൊങ്ങിയത്. വീടിനോട് ചേർന്ന് 10 സെന്‍റ് പാറമടയിൽ വളർത്തു മത്സ്യങ്ങളെ വളർത്തി വരികയായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് ജസീല പിരാന, ഫിലോപ്പി, വാള, മാലാൻ തുടങ്ങിയ മത്സ്യങ്ങളെ ഉൾപ്പെടുത്തി മത്സ്യക്കൃഷി ആരംഭിച്ചത്.
പാറമടയിൽ രണ്ടര കിലോ വരെയുള്ള മീനുകൾ ചത്തു പൊങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് നിലവിൽ കണക്കാക്കുന്നത്. വളർത്തു മത്സ്യക്കൃഷിയിൽ 150 രൂപയുടെ തീറ്റയാണ് ഒരു ദിവസം ആവശ്യമായി വരുന്നത്. ഇത് നാല് മാസത്തോളമായി നൽകി വരികയായിരുന്നു. എന്നാൽ ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ ഇതുവരെ തിരിഞ്ഞ് നോക്കിയില്ലെന്ന് വീട്ടുകാർ ആരോപിച്ചു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പാറമടയിലെ ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.