കോഴിക്കോട് : അമ്മാളുക്കുട്ടി അമ്മ, പ്രായം തൊണ്ണൂറ് പിന്നിട്ടിരിക്കുന്നു. കുട്ടികളെ പോലെ എപ്പോഴും ചിത്രങ്ങൾ വരച്ചുകൂട്ടുന്നതാണ്, പേരിൽ തന്നെ കുട്ടിയുള്ള ഈ മുത്തശ്ശിയുടെ ഹോബി. വരച്ച ചിത്രങ്ങളൊക്കെ അകത്തെ ചുവരിലുണ്ട്. രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നലാണ്.തുടര്‍ന്ന് വരയ്ക്കാനുള്ള സാമഗ്രികളൊക്കെ എടുത്ത് വരും. ഉള്ളിൽ തെളിയുന്ന ചില രൂപങ്ങളാണ് വിരൽ തുമ്പിൽ വിരിയുക. അത് ആരെന്നോ എന്തെന്നോ ചോദിക്കരുത്.
കാഴ്‌ച മങ്ങി വരുന്ന കണ്ണുകൾക്ക് ഉൾക്കാഴ്‌ചയുടെ ബലം നൽകി വരകൾക്ക് നിറം നൽകും. ഒടുവിലത് ചിത്രമാകും. അങ്ങനെയുള്ള നൂറിലേറെ ചിത്രങ്ങൾ ഈ ചുവരിലുണ്ട്. പെൻസിൽ കൊണ്ട് രൂപം നൽകുന്ന വരകളെ കളർഫുളാക്കുന്നത് ക്യൂട്ടക്സും കൺമഷിയും വാട്ടർ കളറും എല്ലാം ചേർന്നാണ്. ദൈവ രൂപങ്ങൾക്ക് നിറം പകരാനാണ് ഏറെ ഇഷ്‌ടം. പൂക്കളും പക്ഷികളുമൊക്കെ ചിത്രങ്ങളാകുമ്പോൾ പ്രായം മറക്കും, ചിരി വിടരും.
അതിനിടെ ചിത്രങ്ങൾക്കിടയിൽ ഒരു പരിചിത മുഖം ശ്രദ്ധയിൽപ്പെട്ടു. അതെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെ പോലെ. ഇടയ്‌ക്കെപ്പൊഴോ പത്രം നോക്കിയപ്പോൾ കണ്ടതാണ്. മുടി നീട്ടി വളർത്തിയതുകൊണ്ട് പെരുത്തിഷ്‌ടായി.
അദ്ദേഹത്തെ നേരിൽ കാണണമെന്ന് അമ്മാളുക്കുട്ടിയമ്മയ്ക്ക് ആഗ്രഹവുമുണ്ട്. ഇങ്ങനെയൊരാഗ്രഹം പറഞ്ഞ സ്ഥിതിക്ക് നേരിട്ടുതന്നെ അറിയിച്ചേക്കാം എന്ന് കരുതി. പന്ന്യൻ സഖാവിനെ വിളിച്ച് കണക്‌ട് ചെയ്‌തു. അടുത്ത ദിവസം തന്നെ സഖാഖ് കാണാൻ എത്തും എന്നറിഞ്ഞതോടെ ഏറെ സന്തോഷം.
പത്ത് മക്കളെ പ്രസവിച്ച് വളർത്തിയ അമ്മ, അഞ്ചുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. വേദന നിറഞ്ഞ ഓർമകൾക്കും ജീവിത പ്രാരാബ്ധങ്ങൾക്കും ഇടയിലും പതിയാതെ പോയ ചിത്രങ്ങളാണ് അമ്മാളുക്കുട്ടി അമ്മയുടെ ഇന്നത്തെ കൂട്ട്. അങ്ങനെ ജീവിത സായാഹ്നം മനോഹരമാക്കുകയാണ് കോഴിക്കോട് കൊമ്മേരിയിലെ പുതുശ്ശേരിക്കണ്ടി പറമ്പിൽ അമ്മാളുക്കുട്ടി അമ്മ.