കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് വനം വകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു എന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതികൾക്കെതിരെ വകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ അവർ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിനേഷൻ ടീം (എസ് ഐ ടി) അന്വേഷിച്ചതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരായി നടപടി സ്വീകരിക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുകയായിരുന്നു. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്‌ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യമാണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വനം വകുപ്പ് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വനം മന്ത്രിയുടെ പ്രതികരണം. പൊലീസിന്‍റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വനം വകുപ്പ് വ്യക്തത വരുത്തിയത്. പൊലീസിൻ്റെ പ്രത്യേക സംഘം അന്വേഷിക്കുന്നതിനാൽ, വനംവകുപ്പ് കുറ്റപത്രം നൽകേണ്ടതില്ല എന്നാണ് വിലയിരുത്തൽ.
വനം വകുപ്പെടുത്ത കേസുകളിൽ പ്രതികൾക്ക് പരമാവധി ആറുമാസം തടവോ പിഴയോ ആകും പ്രതികൾക്ക് ശിക്ഷ ലഭിക്കുക. ഇതിന് പിന്നാലെ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരംമുറിക്കാൻ സമീപിച്ചതെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ മരം മുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും അപേക്ഷയിൽ കാണിച്ച ഒപ്പുകൾ തങ്ങളുടേത് അല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
മുറിച്ചുകടത്തിയത് 574 വർഷം വരെ പ്രായമുള്ള മരങ്ങൾ : 43 കേസുകളാണ് മുട്ടിൽ മരംമുറിയിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അനുവാദമില്ലാതെ പട്ടയഭൂമിയിലെ മരം മുറിച്ചുമാറ്റിയതടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മരം കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കി. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങളാണ് മരങ്ങൾ മുറിച്ച് കടത്തിയത്. 104 മരങ്ങളാണ് മുറിച്ചത്. കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
80 മുതൽ 574 വർഷം വരെ പ്രായമുള്ള ഈട്ടി മരങ്ങളാണ് പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചെടുത്തത്. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. വനം വകുപ്പ് പിടികൂടി കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന മരങ്ങളും, അന്വേഷണ സംഘം കണ്ടെത്തിയ പട്ടയഭൂമിയിലെ കുറ്റികളും ഒന്നുതന്നെയാണെന്ന് കെഎഫ്ആർഐയിലെ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു.
പിടിച്ചെടുത്ത മരങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ജൂലൈ 22നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കൂടാതെ മരം മുറിക്ക് ഭൂവുടമകള്‍ അനുമതി നല്‍കിയതുള്‍പ്പടെയുള്ള രേഖകളെല്ലാം വ്യാജമാണെന്ന ശാസ്‌ത്രീയ ഫലവും ലഭിച്ചിട്ടുണ്ട്. പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങള്‍ മുറിച്ചുമാറ്റാമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലാണ് 300 വര്‍ഷങ്ങളിലധികം പഴക്കമുളള മരങ്ങള്‍ പ്രതികൾ മുറിച്ചുമാറ്റിയത്. റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ പ്രതികൾ.