കോഴിക്കോട്: ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ഏടായ ഇന്ത്യ - ചൈന യുദ്ധത്തിന്‍റെ 60-ാം വാർഷിക ദിനത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ച് ഒരു നൃത്ത ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുകയാണ് പ്ലസ് വൺ വിദ്യാർഥിനി ആർദ്ര. 'അഗ്നിപുത്രി' എന്ന പേരിൽ പുറത്തിറക്കിയ ദൃശ്യാവിഷ്‌കാരത്തിന്‍റെ ആശയവും അഭിനയവും ആർദ്രയുടേത് തന്നെയാണ്. 1962ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മേജറുടെ ഓര്‍മകളും അദ്ദേഹത്തിന്‍റെ കൊച്ചുമകളുടെ സൈനിക പ്രവേശനവുമാണ് 'അഗ്നിപുത്രി'യിലൂടെ പറയുന്നത്.
ഉദാത്തമായ രാജ്യസ്‌നേഹത്തിന്‍റെ കഥ പറയുന്ന 'അഗ്നിപുത്രി'യിൽ ലതാമങ്കേഷ്‌കറിന്‍റെ ‘ഏ മേരേ വതൻ കെ ലോകോ’... എന്ന പ്രശസ്‌തമായ ഗാനമാണ് പിന്നണിയിൽ. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്‌റ്റന്‍ പി.വി. വിക്രമിന്‍റെ പിതാവ് ലഫ്‌റ്റനന്‍റ് കേണല്‍ പി.കെ.പി.വി പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്നാണ് വീഡിയോ പുറത്തിറക്കിയത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആർദ്ര.